കൊച്ചി:നഗരത്തിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എഡിറ്റർ നിഷാദ് യൂസഫിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ സൂര്യ. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് സൂര്യ നിഷാദിന്റെ വേർപാടിലുള്ള വേദന പങ്കുവെച്ചത്. സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ എഡിറ്റർ ആയിരുന്നു അന്തരിച്ച നിഷാദ്.
നിഷാദിന്റെ മരണവാർത്ത ഹൃദയം തകർക്കുന്നതായിരുന്നു എന്നാണ് സൂര്യ കുറിച്ചത്. കങ്കുവ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ഏറെ ശാന്തനായി കാണപ്പെട്ടിരുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹം എന്നും ഓർമിപ്പിക്കപ്പെടും. ഞങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും നിങ്ങൾ ഉണ്ടാകും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനങ്ങൾ അറിയിക്കുന്നു, എന്നായിരുന്നു സൂര്യ തന്റെ പോസ്റ്റിൽ കുറിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ആണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റില്‍ നിഷാദ് യൂസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിൽ ഭാര്യയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് നിഷാദ് യൂസഫ്. തല്ലുമാല, ഉണ്ട, ഓപ്പറേഷന് ജാവ, സൗദി വെള്ളക്ക, കങ്കുവ എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.