EntertainmentKeralaNews

നടൻ ശ്രീനിവാസൻ വെൻ്റിലേറ്ററിൽ

കൊച്ചി:നടനും സംവിധായകനുമായ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.മാര്‍ച്ച് 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ശ്രീനിവാസനെക്കുറിച്ച് സംവിധായകൻ രാഹുൽ റിജി പങ്കുവച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരുന്നു. ശ്രീനിവാസന്റെ പിറന്നാൾ ദിനത്തിലാണ് സിനിമയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത സ്നേഹത്തെക്കുറിച്ച് രാഹുൽ എഴുതിയത്. രാഹുൽ റിജി സംവിധാനം ചെയ്യുന്ന ‘കീടം’ എന്ന സിനിമയിൽ ശ്രീനിവാസനും രജീഷ വിജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാഹുൽ റിജിയുടെ വാക്കുകൾ:

‘കീടം സിനിമയുടെ ഷൂട്ടിങ് ഭൂരിഭാഗവും രാത്രികളിൽ ആയിരുന്നു. വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെ. ആദ്യമായിട്ടാണ് ശ്രീനി സാറിനെ പോലെ അത്രയും സീനിയർ ആയൊരു അഭിനേതാവുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. അദ്ദേഹം രാത്രി സമയത്തെ ചിത്രീകരണം സമ്മതിക്കുമോ എന്ന സംശയത്തിലാണ് ഞാൻ കഥ പറയാൻ പോകുന്നത്. കഥ പറഞ്ഞ ശേഷം, അൽപം മടിയോടെ ഞാൻ ഷൂട്ടിങ് സമയത്തെ കുറിച്ച് പറഞ്ഞു. ‘അതിനെന്താ പ്രശ്നം’ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു.

സാറിന്റെ ഒപ്പമുള്ള ഷൂട്ടിങ് ദിനങ്ങൾ എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വിലയേറിയതും, പ്രിയപ്പെട്ടതും ആയി മാറി. ഒരു ദിവസം വൈകുന്നേരം, സർ എന്നത്തേയും പോലെ കൃത്യ സമയത്തു തന്നെ എത്തി. പക്ഷേ റോഡിലെ തിരക്ക് ഒഴിയാത്തത് കാരണം ഷൂട്ട് തുടങ്ങാൻ സാധിക്കുന്നില്ല. കാരവനിൽ കോസ്റ്റ്യും ഇട്ടു തയാറായി ഇരിക്കുന്ന ശ്രീനി സർ ആരോടോ പറഞ്ഞു ‘രാഹുൽ തിരക്കിൽ അല്ലെങ്കിൽ ഇങ്ങോട്ടു ഒന്ന് വരാൻ പറയു’.

‘ശ്രീനി സർ വിളിക്കുന്നു’ എന്ന വിവരവുമായി നാലു ദിക്കിൽ നിന്നും എന്നെ തിരക്കി സുഹൃത്തുക്കൾ പാഞ്ഞെത്തി. സാധാരണ സർ സെറ്റിൽ വരുന്നതും, പോകുന്നതും അദ്ദേഹം എന്നെ അറിയിക്കാറില്ല. ഇന്നിപ്പോൾ കാണണം എന്ന് പറഞ്ഞത് ഷൂട്ടിങ് തുടങ്ങാൻ വൈകിയതിനു വഴക്ക് പറയാൻ ആവും എന്ന് ഞാൻ ഉറപ്പിച്ചു! ചെറിയ ഭയത്തോടെ അദ്ദേഹത്തെ കാണാൻ ഞാൻ കാരവനിൽ കയറി. എന്തോ വലിയ പ്രശ്നം ഉണ്ടെന്ന് മനസ്സിലാക്കിയ എന്റെ സഹസംവിധായകൻ ശ്രീകാന്ത് എന്റെ പിന്നാലെ ഓടിക്കയറി.

ശ്രീനി സർ പതിവിലും ഗൗരവത്തിൽ ആണ്. അദ്ദേഹത്തെ നേരത്തെ വിളിച്ചു വരുത്തി മുഷിപ്പിച്ചതിനു മാപ്പ് പറയാൻ വേണ്ടിയുള്ള ആമുഖം ഞാൻ നിന്നു കൊണ്ട് തന്നെ പറഞ്ഞു തുടങ്ങി. അദ്ദേഹം പറഞ്ഞു ‘തിരക്കില്ലെങ്കിൽ ഒരു 10 മിനിറ്റ് ഒന്ന് ഇരിക്കാമോ?’. ഞങ്ങൾ മെല്ലെ അവിടെ ഇരുന്നു. ‘ഇന്ന് നമ്മൾ എടുക്കാൻ പോകുന്ന സീൻ, ഞാൻ ഇവിടെ വരുന്നതിനു മുൻപ് ഒന്ന് വായിച്ചു നോക്കി. അതിന്റെ തുടക്കത്തിൽ ഒരു രണ്ടു വരി ഡയലോഗ് കൂടി ചേർത്താൽ അവിടത്തെ ഡ്രാമ ഒന്ന് കൂടി നന്നാവും എന്ന് എനിക്ക് തോന്നി. ഞാൻ അതൊന്ന് കുറിച്ച് കൊണ്ടുവന്നിട്ടുണ്ട്’… ശ്രീനി സാർ തന്റെ ബാഗ് തുറന്നു അദ്ദേഹത്തിന്റെ കൈപ്പടയിൽ എഴുതിയിരിക്കുന്ന ഒരു ചെറിയ പേപ്പർ എനിക്കു നേരെ നീട്ടി. ‘ഞാൻ ഇതും കൂടി ഒന്ന് പറഞ്ഞോട്ടെ?’ വളരെ നിഷ്കളങ്കമായി, ഒരു പുതുമുഖ നടനെ പോലെ അദ്ദേഹം എന്നോടു ചോദിച്ചു.

എന്ത് പറയണം, എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ ഞാൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു. ഞാൻ ഏറെ ആരാധിക്കുന്ന, അതിലേറെ ബഹുമാനിക്കുന്ന, സിനിമ എന്ന മാധ്യമത്തെ ഇഷ്ട്ടപ്പെടാൻ എന്നെ പ്രേരിപ്പിച്ചിട്ടുള്ള അനേകം സിനിമകൾ എഴുതിയ, അഭിനയിച്ച, സംവിധാനം ചെയ്ത ഒരു ഇതിഹാസമാണ് എന്നോട് വളരെ നിസ്സാരമായ ആ രണ്ടു വരി ഡയലോഗ് കൂടുതൽ പറയാൻ അനുവാദം ചോദിക്കുന്നത്. അദ്ദേഹം എഴുതി അനശ്വരമാക്കിയ എത്രയോ ഡയലോഗുകൾ ആ നിമിഷം എന്റെ ഹൃദയത്തിൽ മുഴങ്ങി. ആ ഡയലോഗുകൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും പറയാത്ത മലയാളി ഉണ്ടാവുമോ എന്ന് പോലും എനിക്ക് സംശയം ആണ്.

‘സർ എന്നെ കളിയാക്കുകയാണോ?’ ഞാൻ ചോദിച്ചു.‘സംവിധായകൻ അനുവാദം തരാതെ ഞാൻ എങ്ങനെ പറയും?’ അദ്ദേഹം ചിരിച്ചു കൊണ്ട് തിരിച്ചു ചോദിച്ചു. അദ്ദേഹത്തിന്റെ വിലയേറിയ കൈപ്പടയിൽ എഴുതിയ ആ കടലാസ് ഒരു നിധി പോലെ വാങ്ങി ഞങ്ങൾ രണ്ടു പേരും കാരവനിൽ നിന്ന് പുറത്തു ഇറങ്ങി. ആശ്ചര്യത്തിന്റെയും സന്തോഷത്തിന്റെയും ബഹുമാനത്തിന്റെയും തിരയിളക്കം കാരണം ഞങ്ങൾ രണ്ടു പേരുടെയും വാക്കുകൾ മുറിഞ്ഞു.

രാത്രി ഏറെ വൈകി ഷൂട്ടിങ് തുടർന്ന ദിവസങ്ങളിൽ പോലും അദ്ദേഹം ഒരു പരിഭവമോ, പരാതിയോ ഇല്ലാതെ പൂർണമായി ഞങ്ങൾക്കൊപ്പം, ആ സിനിമയ്ക്കു വേണ്ടി നിന്നു. സുഖമില്ലാത്ത ദിവസങ്ങളിൽ പോലും ഷൂട്ടിങ് മുടങ്ങിയാൽ നിങ്ങൾക്ക് പ്രയാസമാകില്ലേ എന്ന് പറഞ്ഞു സെറ്റിൽ വന്നു.

ഒരിക്കൽ, നേരം വൈകിയിട്ടും ബ്രേക്ക് വിളിക്കാതെ ഷൂട്ട് തുടർന്നപ്പോൾ എന്നെ അടുത്ത് വിളിച്ചു പറഞ്ഞു ‘എന്നെ നേരത്തെ വിടാൻ വേണ്ടിയാണ് ഈ പട്ടിണി കിടന്നു പണിയെടുക്കുന്നതെങ്കിൽ, അത് വേണ്ട. ഞാൻ ഇവിടെ ഇരുന്നോളാം. എല്ലാവരും വേഗം പോയി കഴിച്ചിട്ട് വരൂ’. വലിപ്പച്ചെറുപ്പം ഇല്ലാതെ സെറ്റിലെ എല്ലാവരോടും തമാശകൾ പറഞ്ഞും, സന്തോഷം പങ്കിട്ടും അദ്ദേഹം ഞങ്ങളുടെ ഉറക്കമില്ലാത്ത ആ രാത്രികളെ മനോഹരമാക്കി. അദ്ദേഹത്തിന് ഇനി എന്താണ് സിനിമയിൽ നേടാൻ ബാക്കിയുള്ളത് എന്ന് എനിക്കറിയില്ല. പക്ഷേ താരതമ്യേന തുടക്കക്കാരായ എന്നെ പോലെയുള്ളവർക്കു അദ്ദേഹത്തിന്റെ ഒപ്പമുള്ള ആ ദിനങ്ങൾ അർപ്പണബോധത്തിന്റെയും, കഠിനാധ്വാനത്തിന്റെയും, സിനിമ എന്ന മാധ്യമത്തോടുള്ള അടങ്ങാത്ത പ്രണയത്തിന്റെയും അഭിനിവേശത്തിന്റെയും വലിയ ഒരു പാഠമാണ്. ഒരിക്കലും മറക്കാൻ പാടില്ലാത്ത, സ്വർണ ലിപികളിൽ ഹൃദയത്തിൽ എഴുതിയിടേണ്ട വലിയ പാഠം.

ഇന്ന് ശ്രീനി സാറിന്റെ പിറന്നാൾ ദിനത്തിൽ, ഞങ്ങളുടെ പ്രിയപ്പെട്ട ‘ബാലൻ സാറിന്’ ആരോഗ്യപൂർണ്ണമായ, സന്തോഷം നിറഞ്ഞൊരു വർഷം നേരുന്നു. ഞങ്ങളെ അദ്ഭുതപ്പെടുത്തുന്ന, കാലത്തെ അതിജീവിക്കുന്ന സിനിമകൾ ഇനിയും ആ തൂലികയിൽ നിന്ന് പിറവിയെടുക്കാൻ വേണ്ടി കാത്തിരിക്കുന്ന, പ്രാർഥിക്കുന്ന ഒരു ആരാധകൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button