EntertainmentKeralaNews

നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു

കൊച്ചി:നടൻ ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസൻ കൊച്ചി അപ്പോളോ അഡ്‍ലക്സ് ആശുപത്രി വിടുന്നത്. ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. നിലവില്‍ ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ തൃപ്‍തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു

മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്കും വിധേയനാക്കിയിരുന്നു. ശ്രീനിവാസന്റെ ആരോഗ്യവസ്ഥയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും തൃപ്‍തികരമാണെന്നുമാണ് ഡോ. അനില്‍ എസ് ആര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റനില്‍ പറയുന്നത്.

ശ്രീനിവാസന്‍റെ രോഗവിവരം വാര്‍ത്തയായതിനു പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം രംഗത്തെത്തിയിരുന്നു. അതേസമയം സ്വതസിദ്ധമായ നര്‍മ്മബോധത്തോടെയാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ ശ്രീനിവാസന്‍ പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ മനോജ് രാംസിംഗ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്.. കൂടുതല്‍ ആയിപ്പോയാൽ കുറച്ചു മനോജിന് തന്നേക്കാം, മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല- മനോജ് രാംസിംഗ് ഷെയര്‍ ചെയ്‍ത ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.

‘ലൂയിസ്’ എന്ന ചിത്രമാണ് ശ്രീനിവാസന്‍റേതായി ഇനി എത്താനുള്ളത്. നവാ​ഗതനായ ഷാബു ഉസ്മാൻ കോന്നിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ഇതുവരെ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷമാണ് ശ്രീനിവാസൻ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ‘ലൂയിസി’ന്റെ ചിത്രീകരണം നടക്കുന്നത്. ശ്രീനിവാസൻ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, പ്രേക്ഷകന് പുത്തൻ അനുഭവമായിരിക്കും നൽകുകയെന്നാണ് അവകാശപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button