EntertainmentNews

മോഹന്‍ലാലിന്റെ മോന്തക്കിട്ട് കൊടുക്കാന്‍ തോന്നി,വൈറലായി ശ്രീനിവാസന്റെ വാക്കുകള്‍

കൊച്ചി:മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമക്കൊപ്പം വളര്‍ന്ന പ്രതിഭയാണ് ശ്രീനിവാസന്‍. സിനിമയുടെ ഒരു കാലഘട്ടത്തെതന്നെ സ്വന്തം ജീവിതത്തിലൂടെ അടയാളപ്പെടുത്താനുള്ള അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ട്. തന്റെ സിനിമാജീവിതത്തില്‍ ഉണ്ടായ രസകരമായ സംഭവങ്ങളെ കുറിച്ച് അദ്ദേഹം തുറന്നു പറയാറുമുണ്ട്. സിനിമ പോലെ തന്നെ വ്യത്യസ്തമായാണ് അതൊക്കെ ശ്രീനിവാസന്‍ പങ്കുവക്കാറുള്ളതും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടി വിക്ക് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്.

‘സിനിമ പഠിക്കുന്ന സമയത്ത് ഡാന്‍സ് ക്ലാസ്സിന്റെ ഭാഗത്തേക്കെ പോകാറില്ല’ എന്ന് പറഞ്ഞാണ് അദ്ദേഹം പറഞ്ഞ് തുടങ്ങുന്നത്. സിനിമയില്‍ ഡാന്‍സ് എന്നാല്‍ അനാവശ്യമായ ഒന്നായിരുന്നു എന്നാണ് അക്കാലത്തെ ചിന്ത. ഡാന്‍സ് പാടെ ഉപേക്ഷിച്ച് സ്വാഭാവികമായ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വായിച്ചെടുക്കാവുന്നത്. അതിനാലാവണം പഠിക്കുന്ന കാലത്ത് ബുദ്ധിജീവിയായി പലരും തെറ്റിദ്ധരിച്ചതെന്നും രസകരമായി പറയുകയാണ് ശ്രീനിവാസന്‍.

അന്ന് ഉപേക്ഷിച്ച ഡാന്‍സ് ക്ലാസ്സിന്റെ വില സിനിമയില്‍ എത്തിയപ്പോള്‍ അറിഞ്ഞ സന്ദര്‍ഭമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. നാടോടിക്കറ്റിലെ ‘കരകാണാ കടലല മേലെ മോഹപ്പൂ കുരുവി പറന്നെ’ എന്നപാട്ടില്‍ ഡാന്‍സ് ചെയ്യേണ്ടി വന്ന സാഹചര്യമാണ് ധാരണകള്‍ എല്ലാം പൊളിച്ചു കളഞ്ഞത്. അതൊക്കെ ഇപ്പോഴും ഒരു ഞെട്ടലോടെ മാത്രമെ ഓര്‍ക്കാന്‍ പറ്റൂ എന്നാണ് അദ്ദേഹം പറയുന്നത്. മറീന ബീച്ചിലെ മറക്കാനാവാത്ത ആ സന്ധ്യയെ കുറിച്ചാണ് ശ്രീനിവാസന്‍ മനസുതുറന്നത്.

ദാസനും വിജയനും കാണുന്ന സ്വപ്നമായിരുന്നു ആ പാട്ടിലൂടെ അവതരിപ്പിക്കുന്നത്. കടപ്പുറത്ത് മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും തയ്യാറായിരുന്നു. തന്നെ ഡാന്‍സില്‍ നിന്നും ഒഴിവാക്കണം എന്ന് പറഞ്ഞപ്പോള്‍ സംവിധായകനായ സത്യന്‍ അന്തിക്കാട് അതിന് തയ്യാറായിരുന്നില്ല. ഡാന്‍സ് ചെയ്തെ മതിയാവൂ എന്ന അവസ്ഥ വന്നു. ഭൂമി പിളര്‍ന്ന് താഴേക്ക് പോകുന്നത് പോലെയാണ് അപ്പോള്‍ അനുഭവപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ ക്രൂരമുഖമായിരുന്നു അവിടെ കണ്ടതെന്ന് പറയുമ്പോള്‍ ചിരി പടര്‍ത്തുന്ന പ്രതികാരം അദ്ദേഹം വാക്കുകളില്‍ ഒളിപ്പിച്ചിരുന്നു. യാതൊരു കാരുണ്യവുമില്ലാതെയാണ് ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്ന് പറയുമ്പോള്‍ ചുണ്ടില്‍ ഒളുപ്പിച്ച ചിരി പ്രകടമായിരുന്നു

ബീച്ചിലെ ഇരുട്ടില്‍ നിന്ന് ഡാന്‍സ് പ്രാക്ടീസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ശരീരം ഇരുമ്പ് കമ്പിപോലെ നിന്നതും വല്ലാത്തൊരു ഓര്‍മ്മയാണ്. അതേസമയം മോഹന്‍ലാല്‍ പാല്‍പ്പായസം കുടിക്കുന്നത് പോലെ ഡാന്‍സ് ചെയ്യുന്നത് കണ്ടപ്പോള്‍ രോഷം അടക്കാനായില്ല എന്നും ശ്രീനിവാസന്‍ പറയുന്നു. ഇതെല്ലാം കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ മോന്തക്കിട്ട് കൊടുക്കാന്‍ തോന്നിയെന്നാണ് രസകരമായി ആ സംഭവത്തെ കുറിച്ച് പറയുന്നത്. ഇന്നും ആ പാട്ട് ടിവിയില്‍ കാണുമ്പോള്‍ ചാനല്‍ മറ്റാറുണ്ട് എന്നും അതൊരു വല്ലാത്ത അനുഭവമായിരുന്നു എന്നുമാണ് ശ്രീനിവാസന്‍ ചിരി പടര്‍ത്തിക്കൊണ്ട് പറയുന്നത്.

അതേസമയം, പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിനാണെന്ന്് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 100 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് സംവിധായകന്‍ പ്രിയദര്‍ശനും പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button