EntertainmentKeralaNews

സുഹൃത്തിന് അബദ്ധം പറ്റി, നാളെ എനിക്കും തെറ്റ് പറ്റില്ലേ? അയാള്‍ക്ക് കുഴപ്പങ്ങളുണ്ടാകും, ശിക്ഷിക്കട്ടെ’; ദിലീപിനെ കുടുക്കിയ സിദ്ദിഖിൻ്റെ വാക്കുകൾ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് സിദ്ദിഖ് പരോക്ഷമായി പരാമര്‍ശിച്ചെന്ന ആരോപണം ചര്‍ച്ചയാകുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സിദ്ദിഖിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നത്. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് നല്‍കാനെന്ന പേരിലെഴുതിയ കത്തില്‍ സിദ്ദിഖിനേക്കുറിച്ച് നടത്തിയ പരാമര്‍ശം, സുഹൃത്തിന് തെറ്റ് പറ്റിയാലും ശിക്ഷിക്കപ്പെട്ടാലും കൂടെ നില്‍ക്കുമെന്ന പരാമര്‍ശം എന്നിവയില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം സിദ്ദിഖിനെ ചോദ്യം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് റേഡിയോ ചാനലായ റെഡ് എഫ് എമ്മിന്റെ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖത്തിലാണ് നടന്റെ വിവാദ പരാമര്‍ശമുള്ളത്. ദിലീപിന്റെ പേര് ആര്‍ ജെയോ സിദ്ദിഖോ ഉപയോഗിക്കുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ശേഷവും ദിലീപിനൊപ്പം പരസ്യമായി നിലകൊണ്ട് വിവാദകേന്ദ്രമായതിനേക്കുറിച്ചാണോ സിദ്ദിഖ് പറഞ്ഞതെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.

ദിലീപ് അനുകൂല നിലപാടെടുത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശനം ഏറ്റുവാങ്ങുന്നയാളാണ് സിദ്ദിഖ്. താരസംഘടനയായ ‘അമ്മ’യില്‍ ദിലീപ് അനുകൂല നിലപാടെടുക്കുന്നവര്‍ക്ക് നേതൃത്വം നല്‍കി ദിലീപിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയത് സിദ്ദിഖായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നത് നീണ്ടപ്പോള്‍ സിദ്ദിഖ് എത്തിയതും അന്ന് മാധ്യമങ്ങളോട് നടത്തിയ വൈകാരിക പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു.

റെഡ് എഫ്എം അവതാരകന്റെ ചോദ്യം: ‘സിനിമയുമായി ബന്ധപ്പെട്ടും സിനിമയ്ക്ക് പുറത്തും എന്നും വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ സിദ്ദിക്ക നിലപാട് പറയാന്‍ ഒരു മടിയും കാണിച്ചിട്ടില്ലാത്ത വ്യക്തിയാണ്. കൃത്യമായി സിദ്ദിഖായുടെ നിലപാടുകള്‍ പറഞ്ഞിട്ടുണ്ട്. നിലപാട് എന്നതിന് ഇക്ക നല്‍കുന്ന ഡെഫിനിഷന്‍ എന്താണ്?’ സിദ്ദിഖ് പറഞ്ഞത് ‘നമ്മള്‍ വിശ്വസിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇപ്പോള്‍ മൈക്ക് (ആര്‍ ജെ മൈക്ക്) എന്റെ ഒരു അടുത്ത സുഹൃത്താണ്. മൈക്കുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നം ഉണ്ടായി. മൈക്ക് എന്നെ വിളിക്കുകയാണ്. ഇക്ക എന്നെ ഒന്ന് സഹായിക്കണം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കിഷ്ടം മൈക്ക് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാണ്. കാരണം മൈക്ക് എന്റെ സഹായമാണ് വിളിച്ചത്, മൈക്ക് എന്റെ സുഹൃത്താണ്. ചിലപ്പോള്‍ മൈക്കിന്റെ ഭാഗത്ത് തെറ്റുകളുണ്ടാകാം.

ഇപ്പോള്‍ ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പെട്ടു. അപ്പോള്‍ ഷാരൂഖ് ഖാന്‍ ഉടന്‍ തന്നെ ഇവന്‍ എന്റെ മകനല്ല എന്ന് പറഞ്ഞ് തള്ളിക്കളയുകയേയോ ചെയ്തത്. മകനെ എങ്ങനെ ഇറക്കിക്കൊണ്ടുവരാം എന്നാണ് ചിന്തിക്കുക. എന്നപോലെ എന്റെ ഒരു സുഹൃത്ത് ഒരു അപകടത്തില്‍പ്പെട്ടാല്‍, നാളെ മൈക്ക് ഒരു ബുദ്ധിമുട്ടില്‍ പെട്ട് കഴിഞ്ഞാല്‍ മൈക്കിനെ സഹായിക്കേണ്ട ആളാണെന്ന് എനിക്ക് തോന്നിയാല്‍ പിന്നെ ഞാന്‍ ഒപ്പം നില്‍ക്കുകയെന്നുള്ളതാണ്. മൈക്കിനെതിരെ വരുന്ന കാര്യങ്ങളെ ചിലപ്പോള്‍ എനിക്ക് ഡിഫന്റ് ചെയ്യേണ്ടി വരും. അതാണ് നിലപാട്.

ശരിയാണ് അയാള്‍ക്ക് കുഴപ്പങ്ങളുണ്ടാകും. അയാള്‍ പ്രശ്നത്തില്‍പ്പെട്ടുപോയി. അതിന്റെ പേരില്‍ ചിലപ്പോള്‍ അയാള്‍ ശിക്ഷിക്കപ്പെടുമായിരിക്കും. ശിക്ഷിക്കട്ടെ, ശിക്ഷകഴിഞ്ഞ് തിരിച്ചുവരുമ്പോഴും അയാള്‍ എന്റെ സുഹൃത്തല്ലാതാവുന്നില്ലല്ലോ. എന്റെ സുഹൃത്തിന് അങ്ങനെ ഒരു അബദ്ധം പറ്റി. നാളെ എന്റെ മകന് ഒരു അബദ്ധം പറ്റിയാലും സഹോദരന് സംഭവിച്ചാലും എല്ലാവര്‍ക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകള്‍ ആണെന്ന് പറയാന്‍ പറ്റില്ലല്ലോ, നമ്മള് ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോ. നാളെ എനിക്കും തെറ്റ് പറ്റില്ലേ. ഞാനും നാളെ ഒരു പ്രശ്നത്തില്‍പ്പെടില്ലേ അപ്പോള്‍ എന്നെ സഹായിക്കണ്ടേ. അതിനെയാണ് നിലപാട് എന്ന് പറയുന്നത്.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker