കൊച്ചി:നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു പാപ്പന്‍. നീണ്ട നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ച ചിത്രം, മകന്‍ ഗോകുല്‍ സുരേഷും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രം, നാളുകള്‍ക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെ പോലീസ് വേഷം.., എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ ചിത്രത്തിനുണ്ട്.
ചിത്രത്തില്‍ ഇരുട്ടന്‍ ചാക്കോയെന്ന വളരെപ്രധാനപ്പെട്ട വേഷത്തില്‍ ഷമ്മി തിലകനും പ്രത്യക്ഷ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ചിത്രം തിയേറ്ററുകളില്‍ വിജയകരമായതോടെ ഷമ്മി തിലകന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
‘ജോഷി ഏട്ടനോടൊപ്പം കുറെയധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോഷി ഏട്ടന്റെ സംവിധാന സഹായിയായി ധ്രുവം മുതല്‍ കുറച്ച് സിനിമകളില്‍ ജോലി ചെയ്തു. താന്‍ വളരെ അടുത്തറിഞ്ഞിട്ടുള്ള സംവിധായകന്‍ കൂടിയാണ് അദ്ദേഹം. പാപ്പനില്‍ അഭിനയിക്കാന്‍ അദ്ദേഹം നേരിട്ട് വിളിച്ചപ്പോള്‍ തന്നെ ആ കഥാപാത്രത്തിന് അത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് എനിക്ക് തോന്നി. ഒരു മുന്‍വിധിയുമില്ലാതെയാണ് ഇരുട്ടന്‍ ചാക്കോ എന്ന ആ കഥാപാത്രം ചെയ്യാന്‍ പോയത്.
ഇപ്പോള്‍ ആ കഥാപാത്രത്തിന് കിട്ടുന്ന സ്വീകാര്യതയുടെ ക്രെഡിറ്റ് നൂറു ശതമാനം അനുഗ്രഹീത സംവിധായകനായ ജോഷി ഏട്ടന് തന്നെയാണ്. താന്‍ അതാണ് എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതിയതും. ‘എനിക്ക് നല്‍കുന്ന ‘കരുതലിന്’ എന്നെ പരിഗണിക്കുന്നതിന്, എന്നിലുള്ള വിശ്വാസത്തിന് ഒരുപാട് സ്‌നേഹം’ അത്രമാത്രമേ എനിക്ക് അദ്ദേഹത്തോട് പറയാനുള്ളുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ മടങ്ങി വരവ് എന്നൊക്കെ പലരും പറയുന്നുണ്ട്. പക്ഷേ മടങ്ങി വരവോ തിരിച്ചുപോക്കോ ഒരു കലാകാരനെ സംബന്ധിച്ച് ഇല്ല എന്നുള്ള പക്ഷക്കാരനാണ് താന്‍. ഒരു അഭിനേതാവ് അമ്മയുടെ വയറ്റില്‍ നിന്ന് വരുമ്പോള്‍ തന്നെ അഭിനയത്തിന്റെ ഫോര്‍മുല പഠിച്ചിട്ടാണോ വരുന്നത്. മഹാനടന്‍ എന്ന് എല്ലാവരും വിളിക്കുന്ന തന്റെ അച്ഛന്‍ പോലും ഒന്നും പഠിച്ചിട്ടല്ല വന്നത്. ഒരു നടന്‍ നടനാകുന്നത് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും സമൂഹത്തില്‍ നിന്ന് കിട്ടുന്ന അനുഭവങ്ങളില്‍ നിന്നുമാണ്.
സുരേഷ് ഗോപി കുറച്ചു നാള്‍ അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുത്ത് ജനങ്ങളിലേക്ക് ഇറങ്ങി അവരിലൊരാളായി പ്രവര്‍ത്തിച്ച്, അവരെ പ്രതിനിധീകരിച്ച് കൂടുതല്‍ അനുഭവ സമ്പത്ത് നേടുകയാണ് ചെയ്തത്. അതൊരു വലിയ ബാറ്ററി ചാര്‍ജിങ് പോലെയാണ്. അതിനു ശേഷമുണ്ടായ അദ്ദേഹത്തിന്റെ മാറ്റം പടം കാണുമ്പൊള്‍ മനസിലാകും. സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ അടുത്ത് നിന്ന് എന്റെ കഥാപാത്രം ഭൂതകാലത്തെക്കുറിച്ച് പറയുന്ന ഒരു ഡയലോഗുണ്ട്.
അതാണ് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോള്‍ എനിക്കും തോന്നിയത്. അദ്ദേഹം എന്റെ കണ്ണിലേക്ക് നോക്കി അഭിനയിച്ചപ്പോള്‍ ആ കണ്ണുകളില്‍നിന്ന് ഉള്ളില്‍ എന്താണ് വ്യാപാരിക്കുന്നത് എന്ന് ഞാന്‍ അതിശയിച്ചുപോയി.ഞാന്‍ വളരെ സിംപിള്‍ ആയി അഭിനയിച്ചെന്ന് തോന്നുമെങ്കിലും സുരേഷ്‌ഗോപി എന്ന നടന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഞാന്‍ കഷ്ടപ്പെട്ടു. ഒരു വലിയ കൊടുക്കല്‍ വാങ്ങല്‍ ആയിരുന്നു ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന സീനുകള്‍.
പാപ്പന്‍ എന്ന സിനിമ എനിക്കൊരു വലിയ അനുഭവം തന്നെയായിരുന്നു. എന്നിലെ നടനെ ഒന്നുകൂടി മനനം ചെയ്യാനും പരിഷ്‌കരിക്കാനും കഴിഞ്ഞ ഒരു സിനിമയാണ് പാപ്പന്‍. അതില്‍ വലിയൊരു പങ്ക് സുരേഷ് ഗോപി വഹിച്ചിട്ടുണ്ട്. താന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
ഒരു ആക്ടര്‍ എന്ന് പറയുന്നത് എ ഫോര്‍ ആക്ഷന്‍, സി ഫോര്‍ കോണ്‍സെന്‍ട്രേഷന്‍, ടി ഫോര്‍ ടാലന്റ്, ഓ ഫോര്‍ ഒബ്‌സര്‍വേഷന്‍ , ആര്‍ ഫോര്‍ റിഥം എന്നിവ കൂടിച്ചേരുന്നതാണ്. ഇവ ഉണ്ടെങ്കില്‍ മാത്രമേ മറ്റുള്ളവരെ നിരീക്ഷിച്ച് പഠിച്ച് കഥാപാത്രമായി മാറാന്‍ സാധിക്കൂ. അത്തരത്തില്‍ നിരീക്ഷിച്ചാണ് ഞാന്‍ ഓരോ കഥാപാത്രങ്ങളും ചെയ്യുന്നത് എന്നും ഷമ്മി തിലകന്‍ പറയുന്നു.