ആലപ്പുഴ: കടബാധ്യതയേ തുടർന്ന് വീണ്ടും കർഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ സർക്കാരിനെതിരെ നടനും കർഷകനുമായ കൃഷ്ണ പ്രസാദ്. ഇതുപോലെ ഒന്ന് സംഭവിക്കരുതെന്ന പ്രാർത്ഥന മാത്രമാണ് ഉള്ളത്. വളരെ വേദയുണ്ട്. കർഷകരെ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ മറ്റുള്ളവരോട് സംസാരിച്ച് പരിഹാരത്തിന് ശ്രമിക്കണം.
കർഷകർക്ക് സഹായം ചെയ്യേണ്ടത് സർക്കാരല്ലേ. സർക്കാരിന് ഇങ്ങനൊരു വകുപ്പുണ്ട്. നാലായിരം കോടിയോളം രൂപ ശമ്പളം വാങ്ങുന്ന സർക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ വകുപ്പിലുണ്ട്. രണ്ടായിരം കോടിക്ക് താഴെ രൂപയ്ക്ക് നെല്ല് ശേഖരിച്ചിട്ട് അതില്‍ നാലില്‍ മൂന്ന് നൽകുന്നത് കേന്ദ്ര സർക്കാരാണ്.
ആ ഫണ്ട് നേരിട്ട് കർഷകരുടെ അക്കൌണ്ടിൽ തരാൻ ആവശ്യപ്പെട്ടാൽ അത് ചെയ്യില്ല. അത് സംസ്ഥാന സർക്കാർ വാങ്ങി വക മാറ്റി ചെലവഴിക്കും. എന്നിട്ടാണ് പിആർഎസ് ലോണ്‍ എടുക്കാന്‍ പറയുകയാണ്. ലോണ്‍ എടുത്ത് കഴിഞ്ഞാൽ ഒരു വർഷത്തിനുള്ളില്‍ കണ്‍സോർഷ്യവുമായുള്ള സർക്കാർ ധാരണയെന്താണെന്ന് കർഷകർക്ക് അറിയില്ല.
ഇന്നും മന്ത്രി പറയുന്നത് കൃഷ്ണപ്രസാദിന് രണ്ട് മാസത്തിനുള്ളിൽ പണം ലഭിച്ചുവെന്നാണ്. ജയസൂര്യ വിമർശിച്ചതിന് പിന്നാലെ തന്നേ തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ ആത്മഹത്യ ചെയ്ത പ്രസാദിനെ എങ്കിലും വെറുതെ വിടണം. രാഷ്ട്രീയവും മറ്റ് കാര്യങ്ങളും പറഞ്ഞ് അയാളെ എങ്കിലും തേജോവധം ചെയ്യാതിരിക്കണം.
ഒരാളെ നഷ്ടപ്പെട്ടു. ഇനിയിങ്ങനെ സംഭവിക്കരുത്. കൃഷി ഇവിടെ ആവശ്യമില്ല എന്ന് ഒറു പ്രമുഖന്‍ മന്ത്രിയടക്കമുള്ള വേദിയില്‍ പറയുന്ന നാടാണ് ഇത്. ഇങ്ങനെയുള്ള ഒരു നാട്ടിൽ എങ്ങനെ കൃഷി ചെയ്യും. ബാങ്കിനോടല്ലാതെ മറ്റൊരാളോട് വായ്പ ചോദിച്ചാൽ കൃഷിക്കാരന് കിട്ടുന്ന സാഹചര്യമില്ല. മുന്‍ വർഷങ്ങളില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിരുന്നില്ല. ഈ വർഷം രണ്ടാംകൃഷി ചെയ്തത് വളരെ കുറവാണ്. കൃഷിമന്ത്രി എവിടെയാണ്. ധൂർത്തിന്റെ മറ്റൊരു വകഭേദം കാണിച്ച് കൃഷിക്കാരനെ ഇല്ലായ്മ ചെയ്യരുത്.
കടബാധ്യതയെ തുടർന്ന് ഇന്നലെ കുട്ടനാട്ടിൽ നെൽ കർഷകൻ ജീവനൊടുക്കി. തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ച് പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്.
കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണാണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്ന് കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ് പറയുന്നു. പിആര്‍എസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം.