കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് ജിനു ജോസഫ്. ഇപ്പോഴിതാ പതിനഞ്ച് വര്‍ഷത്തില്‍ അധികമായ സിനിമ ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം. 2007ല്‍ പുറത്തിറങ്ങിയ ബിഗ്ബിയിലൂടെയാണ് ജിനു അഭിനയ രംഗത്ത് എത്തുന്നത്. സിനിമയെ ആഗ്രഹിച്ച് സിനിമയിലേക്ക് എത്തിയതല്ലെന്നും അമല്‍ നീരദാണ് ബിഗ് ബിയിലേക്ക് അവസരം നല്‍കിയതെന്നും ജിനു പറയുന്നു.
തന്നെ ആദ്യം കണ്ടപ്പോള്‍ ഒരു കില്ലറുടെ ശരീര പ്രകൃതിയാണ് എന്നാണ് അമല്‍ പറഞ്ഞത്. ആദ്യ സിനിമ ബിഗ് ബിയാണെന്ന് പലര്‍ക്കും അറിയില്ല. ബിഗ് ബിയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ പലരും വിശ്വസിക്കാതെ വന്നതോടെയാണ് വീണ്ടും സിനിമകളില്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചതെന്നും ജിനു പറയുന്നു.
ഇതുവരെ ചെയ്തത് കോട്ടും സ്യൂട്ടും ധരിച്ചുള്ള വേഷങ്ങളും സിഇഒ പോലുള്ളവയും ആണ്. അതില്‍ നിന്നെല്ലാം മാറി വ്യത്യസ്തമായ ഒരു വേഷം ചെയ്യാന്‍ ലഭിച്ചത് ഭീമന്റെ വഴിയില്‍ ആണ്. ചെമ്പന്‍ വിനോദ് അടക്കമുള്ളവര്‍ സഹായിച്ചിരുന്നു. കുഞ്ചാക്കോ ബോബനെ നേരത്തെ പരിജയമുണ്ട്. വൈറസ് അടക്കമുള്ള സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ഷൂട്ടിങ് എളുപ്പമായിരുന്നു.
ഭാഷ കൈകാര്യം ചെയ്യുമ്പോള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും എന്നാല്‍ ഭീമന്റെ വഴി ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഒരു പരിധി വരെ ഭാഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നീക്കാന്‍ സാധിച്ചുവെന്നും ജിനു പറഞ്ഞു. വിവാഹ ജീവിതത്തെ കുറിച്ച് ജിനു പറഞ്ഞത് ഇങ്ങനെ ആയിരുന്നു;
ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ബാംഗ്ലൂരില്‍ വെച്ചാണ് ലിയയെ ആദ്യം കണ്ടത് പിന്നീട് പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടി. എല്ലാവര്‍ക്കും പ്രശ്നമായിരുന്നത് എനിക്ക് അവളെക്കാള്‍ പതിനാല് വയസ് കൂടുതലാണ് എന്നതായിരുന്നു. ഞങ്ങള്‍ ഒരു വര്‍ഷത്തോളം ലിവിങ് ടുഗെതറായിരുന്നു ശേഷമാണ് വിവാഹിതരായത്. ഇപ്പോള്‍ മാര്‍ക്ക് എന്നൊരു മകന്‍ കൂടിയുണ്ട്. അവനൊപ്പമാണ് ഇന്ന് ജീവിതം ആഘോഷിക്കുന്നത്’ ജിനു ജോസഫ് പറഞ്ഞു.
മകന്റെ ഒന്നാം പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിച്ച ജിനു ജോസഫിൻ്റെയും കുടുംബത്തിൻ്റെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു.ഷേക്‌സ്പിയര്‍ നാടകങ്ങളെ അനുസ്മരിപ്പിക്കും വിധം റോമന്‍ ചരിത്ര കഥാപാത്രങ്ങളുടെ വേഷമാണ് ജിനുവും ഭാര്യയും മകനും ധരിച്ചിരിക്കുന്നത്.
റോമന്‍ ഭരണാധികാരിയായിരുന്ന ജൂലിയസ് സീസറിന്റെ വേഷമാണ് ജിനു ജോസഫ് മകന്റെ പിറന്നാള്‍ ദിനത്തില്‍ ധരിച്ചിരിക്കുന്നത്. മറ്റൊരു ചരിത്ര കഥാപാത്രമായ മാര്‍ക് ആന്റണിയുടെ പേരാണ് ദമ്പതികള്‍ മകന് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഭാര്യക്കും മകനുമൊപ്പമുള്ള പിറന്നാള്‍ ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ”ഹാപ്പി ഫസ്റ്റ് ബര്‍ത്ത്‌ഡേ മാര്‍ക്. വി ലവ് യു,” എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ജിനു ജോസഫ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.കുഞ്ചാക്കോ ബോബന്‍, ശ്രിന്ദ, രഞ്ജിനി ജോസ് തുടങ്ങി നിരവധി പേര്‍ പോസ്റ്റിന് കമന്റ് ചെയ്യുകയും മകന് പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു.
2007ല്‍ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് ജിനു മലയാള സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ഉസ്താദ് ഹോട്ടല്‍, അന്‍വര്‍, സാഗര്‍ ഏലിയാസ് ജാക്കി, ചാപ്പാ കുരിശ്, അഞ്ചാം പാതിര, ഇയ്യോബിന്റെ പുസ്തകം, വരത്തന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടി.