24.6 C
Kottayam
Monday, May 20, 2024

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചത് വിവാഹമോചിതയായി വീട്ടിലെത്തിയശേഷം,അവളുടെ മകളും അവളില്‍ എനിയ്ക്കുണ്ടായ മകളും സന്തോഷത്തോടെ കഴിയുന്നു,ജീവിതം പറഞ്ഞ് നടന്‍ ജനാര്‍ദ്ദനന്‍

Must read

കൊച്ചി:വിവാഹമോചിതയായ സ്ത്രീയെ എന്തുകൊണ്ടാണ് താൻ വിവാഹം ചെയ്തതെന്ന് തുറന്ന് പറഞ്ഞ് ജനാര്‍ദ്ദനന്‍. തനിക്ക് ഇഷ്ടപ്പെട്ട കുട്ടിയെ വിവാഹം ചെയ്തു തന്നില്ലെന്നും അവള്‍ വിവാഹമോചിതയായി എത്തിയപ്പോള്‍ താന്‍ വിവാഹം ചെയ്യുകയായിരുന്നു എന്നാണ് ജനാര്‍ദ്ദനന്‍ പറയുന്നത്.

തന്റെ ബന്ധുവായിരുന്നു അവള്‍. ചെറുപ്പം മുതല്‍ തനിക്ക് അവളെ ഇഷ്ടമായിരുന്നു. എന്നാല്‍ വീട്ടുകാര്‍ അവളെ വിവാഹം ചെയ്ത് തന്നില്ല. ശേഷം അവള്‍ വേറെ വിവാഹം കഴിച്ചു. പക്ഷെ രണ്ട് വര്‍ഷം മാത്രമെ ബന്ധം നീണ്ടുനിന്നുള്ളൂ. അവള്‍ വിവാഹമോചിതയായി തിരികെ വീട്ടിലെത്തി.

വീട്ടില്‍ വന്ന ശേഷം അതീവ ദുഖത്തിലായിരുന്നു. അന്ന് അവള്‍ക്ക് ഒരു മകളുണ്ട്. അവളുടെ സങ്കടം തനിക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അങ്ങനെയാണ് താന്‍ അവളുടെ സമ്മതത്തോടെ അവളെ വിവാഹം ചെയ്ത് തന്റെ ഭാര്യയാക്കുന്നത്.

തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിച്ചത്. അവള്‍ക്കൊപ്പം അധികനാള്‍ ജീവിക്കാന്‍ സാധിച്ചില്ല. അവള്‍ മരിച്ചിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. ആ മരണം തന്നെ വല്ലാതെ തളര്‍ത്തി. ഇപ്പോഴും ആ വിഷമം ഉണ്ട്. അവളുടെ മകളും അവളില്‍ എനിക്കുണ്ടായ മകളും സ്‌നേഹത്തിലും സന്തോഷത്തിലുമാണ് കഴിയുന്നത്.
ഇനി തനിക്കുള്ള ആഗ്രഹം ആര്‍ക്കും ഭാരമാകാതെ മരിക്കണം എന്നത് മാത്രമാണ് എന്നാണ് ജനാര്‍ദ്ദനന്‍ പറയുന്നത്.റിലീസിന് ഒരുങ്ങുന്ന കടുവ എന്ന ചിത്രം അടക്കം 448 സിനിമകളില്‍ ജനാര്‍ദ്ദനന്‍ അഭിനയിച്ചിട്ടുണ്ട്.

സിബിഐ ഡയറികുറിപ്പ്, ആവനാഴി, പഴയ ജയന്‍ സിനിമകള്‍ അടക്കം പല സിനിമകളിലും വ്യത്യസ്തങ്ങളായ പല വേഷങ്ങളും ചെയ്ത് വന്ന നടനായിരുന്നു ജനാര്‍ദ്ദനന്‍. സിബിഐ ഡയറികുറിപ്പ് എന്ന സിനിമയില്‍ കോട്ടയം ഉച്ചാരണം ഉപയോഗിച്ചുള്ള സംഭാഷണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടപ്പോഴാണ് സംവിധായകര്‍ കോമേഡിയന്‍ റോളുകളിലേക്ക് ജനാര്‍ദ്ദനനെ വിളിച്ചത്.

മേലേപ്പറമ്പില്‍ ആണ്‍വീടിലൂടെയാണ് അദ്ദേഹം ഹാസ്യത്തിലേയ്ക്ക് കാല് വെച്ച് കയറിയത്. മലയാളം സിനിമയിലെ മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളായി മാറാന്‍ അദ്ദേഹത്തിന് വല്യ കാലതാമസമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് ദുബായ് അടക്കം ചില സിനിമകളില്‍ നല്ല വില്ലന്‍ വേഷങ്ങള്‍ ചെയ്യുകയും ചെയ്തു. ജനാര്‍ദ്ദനന്റെ ഘനഗാംഭീര്യമുള്ള ശബ്ദം കൊണ്ട് അദ്ദേഹം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാണ്. തുടക്കകാലത്ത് ശബ്ദത്തില്‍ വ്യതിയാനങ്ങള്‍ കൊണ്ടുവന്ന് സംസാരിക്കാന്‍ പലരും ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ ഭാഗമായി നടന്‍ മധുവിന്റെ പക്കല്‍ ഉപദേശം തേടി പോയിരുന്നുവെന്നും ജനാര്‍ദ്ദനന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുമ്പ് മലയാള സിനിമയില്‍ ജനാര്‍ദ്ദനാണ് മിക്ക സിനിമകളുടേയും പൂജ നിര്‍വഹിച്ചിരുന്നത്. ജനാര്‍ദ്ദനനെ ക്യാമറയ്ക്ക് മുമ്പില്‍ നിര്‍ത്തി സിനിമയുടെ ചിത്രീകരണം ആരംഭിച്ചാല്‍ ആ സിനിമ സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന ഒരു വിശ്വാസം മലയാള സിനിമയില്‍ നിലിനിന്നിരുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ടെന്നും അനുഭവമുണ്ടോയെന്നും അങ്ങനൊരു ഐശ്വര്യമുള്ള ആളാണ് താനെന്ന് തോന്നുണ്ടോ എന്ന ചോദ്യത്തിന് ജനാര്‍ദ്ദനന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘എന്നെ വെച്ച് ആദ്യ ഷോട്ട് ചിത്രീകരിച്ചാലോ പൂജ ചെയ്യിപ്പിച്ചാലോ വിജയമാകും എന്നുള്ളതില്‍ വിശ്വസിക്കുന്നില്ല. പക്ഷെ ആരെങ്കിലും ഉദ്ഘാടനത്തിന് വിളിച്ചാല്‍ ആത്മര്‍ഥമായി മാത്രമെ പ്രാര്‍ഥിക്കാറുള്ളൂ. ഞാന്‍ വിശ്വസിക്കുന്ന ദൈവത്തോട് അത്രമേല്‍ ചേര്‍ന്നിരിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ എല്ലാം കൊടുത്ത് അത്രത്തോളം ആത്മാര്‍ഥമായി പ്രാര്‍ഥിക്കാന്‍ മാത്രമെ ഞാന്‍ പഠിച്ചിട്ടുള്ളൂ’ ജനാര്‍ദ്ദനന്‍ പറയുന്നു.

വില്ലനില്‍ നിന്നും മാറി കൊമേഡിയന്‍ ആകണം എന്നത് പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ലെന്നും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്ന് വന്നതാണ് ഇത്തരം കാര്യങ്ങളെല്ലാമെന്നും ജനാര്‍ദ്ദനന്‍ പറയുന്നു. ‘സിനിമകള്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ വില്ലനാണോ, കൊമേഡിയനാമോ, ക്യാരക്ടര്‍ റോള്‍ ആണോ എന്നതൊന്നും എന്നെ അലോസരപ്പെടുത്താറില്ല. നടനായാല്‍ എല്ലാ റോളും ചെയ്യാന്‍ പ്രാപ്തിയുണ്ടാകണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് ഏത് കഥാപാത്രമായാലും ഞാന്‍ സന്തോഷത്തോടെ ചെയ്യും’ ജനാര്‍ദ്ദനന്‍ കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കര എന്‍എസ്എസ് വേലുത്തമ്പി മെമ്മോറിയല്‍ കോളജില്‍ നിന്നും ബികോം പാസായ ശേഷമാണ് ശ്രീവരാഹം ബാലകൃഷ്ണപിള്ളയെ പരിചയപ്പെടുകയും അദ്ദേഹം വഴി അടൂര്‍ ഗോപാലകൃഷ്ണനുമായി ജനാര്‍ദ്ദനന്‍ അടുക്കുകയും ചെയ്തത്.

കുടുംബാസൂത്രണത്തെപ്പറ്റി നിര്‍മ്മിച്ച പ്രതിസന്ധി എന്ന ഒരു ഡോക്യൂമെന്ററിയില്‍ നാഷണല്‍ സാമ്പിള്‍ സര്‍വ്വെയിലെ ഉദ്യാഗസ്ഥനായി അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ഇതിനിടയില്‍ പറവൂര്‍ സെന്‍ട്രല്‍ ബാങ്കില്‍ ക്ലാര്‍ക്കായി ജോലി കിട്ടിയെങ്കിലും അതുപേക്ഷിച്ച് പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ചെമ്പരത്തിയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് ആയി. കുറെ നാള്‍ മലയാളനാട് വാരികയില്‍ സങ്കല്പത്തിലെ ഭര്‍ത്താവ് എന്ന പംക്തി കൈകാര്യം ചെയ്തു. പിന്നീടാണ് കെ.എസ് സേതുമാധവന്റെ ആദ്യത്തെ കഥ എന്ന ചിത്രത്തില്‍ പ്രേംനസീറിനോടൊപ്പം അഭിനയിച്ചത്.

തുടര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി. മണി എം.കെ നിര്‍മ്മിച്ച് മണി സ്വാമി സംവിധാനം ചെയ്ത് 1978 ല്‍ പുറത്തിറങ്ങിയ രാജന്‍ പറഞ്ഞ കഥ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ വധ ഭീഷണി നേരിട്ടിരുന്നുവെന്നും ജാനര്‍ദ്ദനന്‍ പറഞ്ഞു. പലരും വന്ന് ചോദ്യം ചെയ്തിരുന്നുവെന്നും അതില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ വ്യക്തിക്ക് കിട്ടിയ നിര്‍ദേശം ജനാര്‍ദ്ദനെനെ കൊന്ന് കളായാനായിരുന്നുവെന്നും ജനാര്‍ദ്ദനന്‍ പറയുന്നു. ചിത്രത്തില്‍ കവിയൂര്‍ പൊന്നമ്മ, ജോസ് പ്രകാശ്, ശങ്കരാടി, സുകുമാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week