പത്തനംതിട്ട:ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്.ഇന്നലെ രാത്രി ശബരിമലയിലെത്തിയ ദിലീപ് ഇന്ന് രാവിലെ ഏഴ് മണിയോടെ ദര്‍ശനം നടത്തുകയും ചെയ്തു.
ഇരുമുടിക്കെട്ടില്ലാതെ സിവില്‍ ദര്‍ശനം വഴിയാണ് സന്നിധാനത്തെത്തിയത്. ഏറെ നേരം തിരുനടയില്‍ പ്രാര്‍ത്ഥനാ നിമഗ്നനായി ദിലീപ് നിന്നു. പ്രസാദം വാങ്ങിയ ശേഷം മാളികപ്പുറത്തും ദര്‍ശനം നടത്തി. തുടര്‍ന്ന് ക്ഷേത്രം തന്ത്രിയേയും മേല്‍ശാന്തിമാരേയും കണ്ട ശേഷമാണ് ദിലീപ് മടങ്ങിയത്.
മുന്‍ വര്‍ഷങ്ങളിലും ദിലീപ് ശബരിമല ദര്‍ശനം നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ദിലീപ് പ്രതികരിക്കാന്‍ തയ്യാറായില്ല.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയിരിക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്.
സംവിധായകൻ ബാലചന്ദ്രകുമാർ അനൂപിന്‍റെയും, സുരാജിന്‍റെയുമായി പുറത്തു വിട്ട ഓഡിയോ റെക്കോർഡിലെ വിവരങ്ങൾ അറിയാനും ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കാര്യങ്ങളിലെ വ്യക്തതയ്ക്കുമായാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസിൽ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
നടിയെ അക്രമിച്ച കേസിൽ അന്വേഷണം കോടതി ജീവനക്കാരിലേക്കും. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും.
2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. വിചാരണ കോടതിയിലെ നിർണായക രേഖകൾ നേരത്തെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തോട് കോടതി റിപ്പോർട്ട് തേടി.