കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ അത്യപൂർവ്വ ടാറിംഗ് കണ്ടവരെല്ലാം മൂക്കത്ത് വിരൽ വച്ചെന്നത് ഉറപ്പ്. അത്രയ്ക്കും അത്യപൂർവ്വമായിരുന്നു ടാറിംഗ്. വഴിയരികിൽ പാർക്ക് ചെയ്ത് വാഹനങ്ങളെയൊന്നും ശല്യം ചെയ്യാതെ അവ കിടന്ന ഭാഗം ഒഴിവാക്കിയായിരുന്നു ഏവരും അമ്പരന്ന ടാറിംഗ്.
പറഞ്ഞ ജോലി പറഞ്ഞ പോലെ ചെയ്തില്ലേ? റോഡിൽ ടാറിടാനെടുത്ത കോൺട്രാക്ടിൽ കാറിനടിയിലും ഇടണമെന്ന് പറഞ്ഞിരുന്നില്ലല്ലോയെന്ന് പണിയെടുത്തവർ ചോദിച്ചാൽ എന്തുചെയ്യും? അങ്ങനെയൊക്കെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം ഉയർന്നെങ്കിലും എല്ലാത്തിനും ഒടുവിൽ കൊച്ചി കോർപ്പറേഷൻ പരിഹാരം കണ്ടിരിക്കുകയാണ്. പണി ആയുധങ്ങളുമെടുത്ത് വീണ്ടും പണിക്കിറങ്ങി ശരിയാക്കാൻ ഉത്തരവ് വന്നതോടെ പിന്നെയെല്ലാം വേഗത്തിലായി. കോർപറേഷൻ ഇടപെട്ടു, മേയർ അടിയന്തര നിർദേശം നൽകി. കുഴിയടക്കാൻ വീണ്ടും കോൺട്രാക്ടറും പണിക്കാരുമെത്തി. കാറുകൾ മാറ്റുന്നു. അതുകിടന്നുണ്ടായ കുഴിയടക്കുന്നു. വളരെ വേഗത്തിൽ ഇങ്ങനെ പറഞ്ഞവസാനിപ്പിക്കാം. എന്നാലും ആദ്യ ടാറിംഗിനെക്കുറിച്ചുള്ള അമ്പരപ്പ് മാത്രം അവസാനിക്കില്ലായിരിക്കും.
ആദ്യ ടാറിംഗ് സമയത്ത് രണ്ട് സൈഡിലുമായി കിടന്നത് രണ്ട് കാറുകളടക്കം നാലുവാഹനങ്ങൾ മാത്രമായിരുന്നു. ഈ നാല് വാഹനങ്ങളെയും അതിന്‍റെ ഉടമസ്ഥരെയും വിഷമിപ്പിക്കാനൊന്നും പണിക്കാർ തയ്യാറായില്ല. വർഷങ്ങളായി അവിടെ കിടന്നിരുന്ന വണ്ടികളാണെന്ന് ആരെങ്കിലും കരുതിയെങ്കിൽ തെറ്റി. അടുത്തുള്ള താമസക്കാർ പാർക്ക് ചെയ്തതാണ്. വാതിലിലൊന്ന് മുട്ടി വിളിച്ച് വണ്ടി മാറ്റാമോ എന്ന് ചോദിച്ചാൽ അത്യപൂർവ്വ ടാറിംഗ് വേണ്ടിവരില്ലായിരുന്നെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. പക്ഷേ പണിക്കാർ അതിനൊന്നും നിന്നില്ല.
കാറ് കിടന്ന സ്ഥലമങ്ങ് വിട്ട് കളഞ്ഞ് പണി തീർത്താൽ എല്ലാവർക്കും എളുപ്പമാണല്ലോ എന്ന് കരുതിക്കാണും.മാറ്റിയിടാനൊന്നും മെനക്കെട്ടില്ല. വാഹനങ്ങൾക്ക് ചുറ്റും ടാറിട്ട് പണി തീർത്ത് പോയി. വണ്ടി കിടന്നിടത്തൊക്കെ ഓരോ ചതുരക്കുഴികൾ. ചിത്രങ്ങൾ വൈറലായതോടെയാണ് കോർപ്പറേഷൻ വീണ്ടും അരയും തലയും മുറുക്കി രംഗത്തെത്തിയത്. കാറ് കിടന്നിടത്തെല്ലാം ടാറ് ചെയ്യിച്ചിട്ടേ കരാറുകാരനെ കോർപ്പറേഷൻ വിട്ടുള്ളു.