NationalNews

ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികൾ ബ്രാഹ്‌മണർ, നല്ല സംസ്‌കാരത്തിനുടമകൾ: ബിജെപി എംഎൽഎ

ഗാന്ധിനഗര്‍: ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസില്‍ പതിനഞ്ച് കൊല്ലത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ച പ്രതികള്‍ ‘ബ്രാഹ്‌മണരാണെ’ന്നും ‘നല്ല സംസ്‌കാരത്തിനുടമകളാണെ’ന്നും ബിജെപി എംഎല്‍എ. ഗുജറാത്തിലെ ഗോധ്രയില്‍ നിന്നുള്ള നിയമസഭാംഗമായ സി.കെ. റൗല്‍ജിയാണ് കുറ്റവാളികളെ അനുകൂലിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

പ്രതികളുടെ മോചനത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് എംഎല്‍എയുടെ പ്രസ്താവന. ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ രണ്ട് ബിജെപി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് സി.കെ. റൗല്‍ജി.

“അവര്‍ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യം ചെയ്‌തോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. പക്ഷെ കുറ്റകൃത്യം നടപ്പാക്കാനുള്ള ഉദ്ദേശം ഉണ്ടാവണം. അവര്‍ ബ്രാഹ്‌മണരാണ്, ബ്രാഹ്‌മണര്‍ നല്ല സംസ്‌കാരത്തിന് ഉടമകളാണ്. അവരെ ശിക്ഷിക്കാനുള്ള മറ്റാരുടേയോ ദുരുദ്ദേശം ഇതിലുണ്ട്”, ഒരു മാധ്യമത്തിന്നല്‍കിയ അഭിമുഖത്തില്‍ എംഎല്‍എ പറഞ്ഞു. പ്രതികള്‍ ജയിലിലായിരുന്ന കാലത്ത് സല്‍സ്വഭാവികളായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിആര്‍എസിന്റെ സോഷ്യല്‍ മീഡിയ കണ്‍വീനര്‍ വൈ. സതീഷ് റെഡ്ഡി അഭിമുഖത്തിന്റെ പ്രസ്തുതഭാഗം ട്വിറ്ററില്‍ പങ്കുവെച്ചു. ബലാത്സംഗികളെ സംസ്‌കാരസമ്പന്നരെന്നാണ് ബിജെപി വിശേഷിപ്പിക്കുന്നതെന്നും ഒരു രാഷ്ട്രീയകക്ഷിയ്ക്ക് എത്രത്തോളം തരംതാഴാമെന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കുറിച്ചു.

സ്വാതന്ത്ര്യദിനത്തിലാണ് ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികള്‍ ജയില്‍മോചിതരായത്. മോചനം തേടി പ്രതികളിലൊരാള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ തീരുമാനത്തിനായി കോടതി സംസ്ഥാനസര്‍ക്കാരിന് വിടുകയായിരുന്നു. മോചനത്തിന് പിന്നാലെ പ്രതികള്‍ക്ക് ലഭിച്ച ഊഷ്മള വരവേല്‍പുകളുടെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.

പ്രതികളുടെ മോചനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധമുയരുകയും ചെയ്തു. രാഹുല്‍ ഗാന്ധി, മഹുവ മൊയ്ത്ര, പി. ചിദംബരം തുടങ്ങി നിരവധി നേതാക്കള്‍ മോചനത്തിനെതിരേ രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button