കൊച്ചി: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശിയാണ് പ്രതിയെന്ന് ആര്‍.പി.എഫ് വ്യക്തമാക്കി. പ്രതിയുടെ ചിത്രം യുവതിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ട്രെയിനില്‍ അക്രമം നടത്തുന്ന പ്രതി ആര്‍.പി.എഫിന്റെ പ്രതിപ്പട്ടികയില്‍ ഉള്ളയാളാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്ന പ്രതികളുടെ ചിത്രം ആര്‍.പി.എഫ് കാണിച്ചതില്‍ നിന്നാണ് പ്രതിയെ യുവതി തിരിച്ചറിഞ്ഞത്.
അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതി പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ എട്ടു മണിയോടെ മുളന്തുരുത്തിയില്‍ നിന്ന് ട്രെയിനില്‍ കയറിയ യുവതിയെ കമ്പാര്‍ട്ട്മെന്റിലേക്ക് അതി്രകമിച്ചുകയറിയ അജ്ഞാതന്‍ വധഭീഷണി മുഴക്കി ആഭരണങ്ങള്‍ അഴിച്ചുവാങ്ങുകയായിരുന്നു.
കമ്പാര്‍ട്ട്മെന്റിന്റെ രണ്ട് വാതിലുകളും അടച്ചശേഷമായിരുന്നു കവര്‍ച്ച. പിന്നീട് സീറ്റിലിരുന്ന പ്രതി യുവതി വാതിലിന് സമീപത്തേക്ക് നീങ്ങിയതോടെ അവരുടെ കയ്യില്‍ പിടിച്ച് വലിച്ചു ശുചിമുറിക്ക് സമീപത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ സമയം കുതറി ഓടിയ യുവതി വാതില്‍ തള്ളിത്തുറന്ന് പുറത്തെ കമ്പിയില്‍ പിടിച്ചുതൂങ്ങിക്കിടന്നു. പിന്നീട് ചാടുകയായിരുന്നു.
ചെങ്ങന്നൂരില്‍ സ്‌കുളില്‍ ജീവനക്കാരിയായ ഇവര്‍ ജോലിക്ക് പോവുകയായിരുന്നു. ഇവര്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു. കാഞ്ഞിരമറ്റം ഭാഗത്തുവച്ചാണ് ആക്രമണം നടന്നത്. യുവതിക്ക് പിന്നാലെ ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. ട്രെയിനിലെ മറ്റൊരു കമ്പാര്‍ട്ട്മെന്റിലായിരുന്ന പ്രതി യുവതി ഒറ്റയ്ക്കാണെന്ന് കണ്ടതോടെയാണ് വന്ന് ആക്രമണവും കവര്‍ച്ചയും നടത്തിയത്.