കോട്ടയം : ഞായറാഴ്ച കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട് പൂനെ വരെ പോകുന്ന 16382 ജയന്തി ജനതാ എക്സ്പ്രസ്സിനെ നേരെ മുട്ടമ്പലം മേൽപ്പാലം കടക്കുമ്പോൾ കല്ലേറുണ്ടാവുകയായിരുന്നു. ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ചങ്ങനാശ്ശേരി സ്വദേശിയായ രാജൻ പിള്ള എന്നയാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം റെയിൽവേ പോലീസും ആർ പി എഫും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
അതിവേഗം സംഭവസ്ഥലത്തെത്തിയ അന്വേഷണസംഘത്തിന്റെ നിഗമനങ്ങളും സാഹചര്യതെളിവുകളും സാക്ഷി മൊഴികളും അസം സ്വദേശിയായ പ്രവിത്ര ലഹാനിലേയ്ക്ക് നയിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
ട്രെയിനിന് നേരെയുള്ള സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങൾ കൂടിവരികയാണെന്നും അവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും കോട്ടയം റെയിൽവേ സ്റ്റേഷൻ എസ് എച്ച്.ഒ റെജി പി ജോസഫ് അറിയിച്ചു. ട്രെയിനിന് നേരെ കല്ലേറ് നടക്കുമ്പോൾ യാത്രക്കാർ കൃത്യമായി സ്ഥലങ്ങൾ പങ്കുവെയ്ക്കുന്നതിലുള്ള വീഴ്ചയാണ് പ്രതികൾ പലപ്പോഴും രക്ഷപെടാനുള്ള സാഹചര്യമൊരുക്കുന്നതെന്നും ആർ പി എഫ്. എസ് ഐ സന്തോഷ് എൻ.എസ് അഭിപ്രായപ്പെട്ടു.
ആർ പി എഫ് -സി.പി.ഒ സജി കെ.എസ്, റെയിൽവേ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസറുമാരായ രാഹുൽ കെ സി, പ്രശാന്ത്, സനു സോമൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.