സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലുണ്ടായ മൂന്ന് വാഹനാപകടങ്ങളിലായി ആറ് പേര്‍ മരിച്ചു. മരണപ്പെട്ടവരെല്ലാം ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരാണ്.
തൃശ്ശൂരിൽ സ്കൂട്ടറിന് ബ്രേക്ക് നഷ്ടപ്പെട്ട് അപകടം: രണ്ട് പേര്‍ മരിച്ചു
തൃശൂർ: പുത്തൂരിലുള്ള ചോചേരിക്കുന്ന് ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ രണ്ട് പേർ കാറിടിച്ച് മരിച്ചു. നടത്തറ കാച്ചേരി സ്വദേശി വിനോജ്, പുത്തൂർ കോക്കാത്ത് വാടകക്ക് താമസിക്കുന്ന ബാബു സണ്ണി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ടോടെയായിരുന്നു അപകടം. ചോച്ചേരിക്കുന്ന് ക്ഷേത്രം വഴിയിൽ താഴേക്ക് വരുന്നതിനിടെ സ്കൂട്ടറിൻ്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.താഴെ വീണ ഇരുവരേയും പൊന്നുക്കര റോഡിൽ കൂടി പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരേയും തൃശ്ശൂര്‍ ജൂബിലി മിഷൻ ആശൂപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരും മരണപ്പെട്ടു.
വര്‍ക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
തിരുവനന്തപുരം: വർക്കലയിൽ മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാളയംകുന്ന് സ്വദേശി ഹരികൃഷ്ണൻ, മത്സ്യത്തൊഴിലാളിയായ സെയ്താലി എന്നിവരാണ് മരിച്ചത്. ഹരികൃഷ്ണന് 22 വയസും സെയ്താലിക്ക് 25 വയസ്സുമായിരുന്നു.
രാത്രി എട്ട് മണിയോടെയാണ് നടയറ-തൊടുവേ റോഡിൽ അപകടമുണ്ടായത്. സെയ്താലിക്ക് ഒപ്പമുണ്ടായിരുന്ന ആളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മരിച്ച ഹരികൃഷ്ണൻന്റെ മൃതദേഹം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് നിന്നും ഗുരുതര പരിക്കുകളോടെ സെയ്താലിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
കായംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം
കായംകുളം: കായംകുളത്ത് വാഹനാപകടത്തിൽ രണ്ട് മരണം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പല്ലാരിമംഗലം തെക്കേക്കര സ്വദേശികളായ ജിതിൻ രാജ്,ബന്ധു മുകേഷ് എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും സ്കൂട്ടര്‍ യാത്രക്കാരാണ്.