തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എബിവിപി അറിയിച്ചു. എ ബി വി പി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും, എസ്എഫ്ഐക്ക് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെയുമാണ് എ ബി വി പിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് മാർച്ച് നടത്തിയത്.
വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷത്തിന്റെ അഭ്യാസമാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് എ ബി വി പി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അരവിന്ദ് പറഞ്ഞു. അധികാരത്തിന്റെ ബലത്തിൽ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാം എന്നത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എ ബി വി പി നടത്തിയ മാർച്ചിൽ എബിവിപി സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി ഉൾപ്പെടെ ഉൾപ്പെടെ നിരവധി പ്രവർത്തകരെ പോലീസ് തല്ലി ചതച്ചതിൽ പ്രതിഷേധിച്ചാണ് എബിവിപി സംസ്ഥാന വ്യാപകമായി നടത്തുന്നതെന്നും എസ്. അരവിന്ദ് പ്രസ്താവനയിൽ വ്യക്തമാക്കി.