കെ.എസ്.യു.വിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജില്‍ എ.ബി.വി.പിയും യൂണിറ്റ് തുടങ്ങാനൊരുങ്ങുന്നു
തിരുവനന്തപുരം: കെ.എസ്.യുവിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് തുടങ്ങാന്‍ എ.ബി.വി.പിയും പദ്ധതിയിടുന്നു. യൂണിറ്റ് തുടങ്ങി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വന്നതായാണ് ബിജെപി ജില്ലാ – സംസ്ഥാന നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഇവരില്‍ കൂടുതല്‍ പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ കോളേജില്‍ യൂണിറ്റ് തുടങ്ങാത്തത് പ്രാണഭയം കൊണ്ടാണെന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇടതുപക്ഷ സംഘടനയായ എഐഎസ്എഫിന് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത ക്യാംപസില്‍ എബിവിപി പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അദ്ദേഹം സംശയമുന്നയിക്കുകയയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതു മുതലുള്ള പ്രതിഷേധ പരിപാടികളില്‍ എബിവിപിയുടെ സാന്നിദ്ധ്യം കുറഞ്ഞു പോയെന്ന വിലയിരുത്തലിലാണ് കോളേജില്‍ യൂണിറ്റ് തുടങ്ങാനുള്ള നീക്കമെന്നാണ് അറിയുന്നത്.
ഏറെക്കാലത്തിനു ശേഷം കഴിഞ്ഞ ദിവസം കെഎസ്യുവും കോളേജില്‍ യൂണിറ്റ് ആരംഭിച്ചിരുന്നു. സെക്രട്ടറിയേറ്റിനു മുന്നില്‍ കെഎസ്യു നടത്തി വന്ന സമരത്തിനിടെയാണ് പുതിയ യൂണിറ്റ് തുടങ്ങിയ പ്രഖ്യാപനമുണ്ടായത്. അമല്‍ ചന്ദ്രനാണ് യൂണിറ്റ് പ്രസിഡന്റ്. കലാലയത്തെ സര്‍ഗാത്മക സംവാദങ്ങളുടേയും ചര്‍ച്ചകളുടേയും കേന്ദ്രമാക്കിമാറ്റി ക്യാമ്പസ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നാണ് ഇക്കാര്യം അറിയിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.