തിരുവനന്തപുരം: എ.ബി.വി.പി.യുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എ.ബി.വി.പി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു.
പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് കന്റോണ്‍മെന്റ് ഗേറ്റിന് മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. പ്രവര്‍ത്തകര്‍ പോലീസിന് നേരെ രൂക്ഷമായ കല്ലേറ് നടത്തി. സമരക്കാരെ പിരിച്ചുവിടാന്‍ ആദ്യം ജലപീരങ്കി പ്രയോഗിച്ച പോലീസ് പിന്നീട് രണ്ടു റൗണ്ട് കണ്ണീര്‍വാതകവും പ്രയോഗിച്ചു.
കല്ലേറ് രൂക്ഷമായതോടെ പോലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.