KeralaNewspravasi

എം.എ. യൂസഫലിക്ക് അബുദാബിയുടെ ഉന്നത ബഹുമതി

അബുദാബി:പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് അബുദാബി സർക്കാരിൻ്റെ ആദരവ്.

യു.എ.ഇ.യുടെ വിശേഷിച്ച് അബുദാബിയുടെ അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്ത് നൽകുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് യൂസഫലി അർഹനായിരിക്കുന്നത്. അബുദാബി അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം യൂസഫലിക്ക് സമ്മാനിച്ചു.

ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബുദാബി സർക്കാരിൻ്റെ ഈ ബഹുമതിയെ കാണുന്നതെന്ന് അവാർഡ് സ്വീകരിച്ചതിനുശേഷം എം.എ. യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വർഷമായി അബുദാബിയിലാണ് താമസം. 1973 ഡിസംബർ 31- നാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായും യു.എ.ഇ. യിൽ എത്തിയത്. വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്. ഈ രാജ്യത്തിൻ്റെ ദീർഘദർശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോട് പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി പറഞ്ഞു.

ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് യു.എ.ഇ. എന്ന മഹത്തായ രാജ്യത്തിൻ്റെ ഭരണാധികാരികളുടെയും ഇവിടെ വസിക്കുന്ന സ്വദേശികളും മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിൻ്റെയും പിന്തുണയും പ്രാർത്ഥനകളും കൊണ്ടാണ്. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമർപ്പിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.

മൂന്ന് വനിതകൾ ഉൾപ്പെടെ മറ്റ് പതിനൊന്ന് പേർക്കാണ് യൂസഫലിയെ കൂടാതെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ബഹുമതിക്ക് അർഹരായിരിക്കുന്നത്. ഈ വർഷം പുരസ്കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്.

2005-ൽ പ്രവാസി ഭാരതീയ സമ്മാൻ, 2008-ൽ പത്മശ്രീ പുരസ്കാരം, 2014-ൽ ബഹറൈൻ രാജാവിൻ്റെ ഓർഡർ ഓഫ് ബഹറൈൻ, 2017-ൽ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം എന്നിങ്ങനെ യൂസഫലിക്ക് ലഭിച്ച പുരസ്കാരങ്ങൾ നിരവധിയാണ്. ഇത് കൂടാതെ യു.എ.ഇ., സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പ്രവാസികൾക്ക് നൽകുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസക്ക് അർഹനായതും യൂസഫലിയാണ്.

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി യൂസഫലിക്കുള്ള ആത്മബന്ധം മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ വകയുള്ളതാണ്. അബുദാബി നഗരത്തിൻ്റെ ഹൃദയഭാഗത്താണ് സ്വന്തമായി വീട് നിർമ്മിക്കുവാനുള്ള സ്ഥലം വർഷങ്ങൾക്ക് മുമ്പ് ശൈഖ് മുഹമ്മദ് യൂസഫലിക്ക് നൽകിയത്. ഇത് കൂടാതെ അബുദാബി നഗരത്തിലുള്ള ലുലു ഗ്രൂപ്പിൻ്റെ മുഷ്റിഫ് മാൾ നിലനിൽക്കുന്ന 40 ഏക്കർ സ്ഥലം അബുദാബി സർക്കാർ നൽകിയതാണ്.

28,000-ലധികം മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 58,000 ആളുകളാണ് ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 207 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇത് കൂടാതെ യു.എസ്.എ, യു.കെ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈൻസ്, തായിലാൻഡ് മുതലായ രാജ്യങ്ങൾ ഉൾപ്പെടെ 14 രാജ്യങ്ങളിൽ ലോജിസ്റ്റിസ്ക് കേന്ദ്രങ്ങളുമുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച് 250 ഹൈപ്പർമാർക്കറ്റ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് ലുലു ഗ്രൂപ്പ്.

യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ
ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker