KeralaNews

അതിജീവിതയ്ക്ക് 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി;ഗുജറാത്ത് ഹൈക്കോടതിക്ക് കടുത്ത വിമർശനം

ന്യൂഡൽഹി: ഗുജറാത്തിൽ 27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അതിജീവിതയ്ക്ക് അനുമതി നൽകി സുപ്രീംകോടതി. ഹർജിക്കാരിക്ക് ഇളവ് നൽകാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ രൂക്ഷമായ ഭാഷയിൽ സുപ്രീം കോടതി വിമർശിക്കുകയും ചെയ്തു. ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിച്ചത്.

സുപ്രീം കോടതി കേസ് പരിഗണിച്ച് അതേദിവസം വൈകീട്ട് വിഷയവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവും പുറത്തിറങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹെെക്കോടതിക്കെതിരെ രൂക്ഷവിമർശനം സുപ്രീംകോടതിയുടെ ഭാ​ഗത്തുനിന്നുണ്ടായത്. സുപ്രീം കോടതി ഒരു തീരുമാനമെടുത്താല്‍ അതിനെതിരേ കീഴ്‌ക്കോടതിക്ക് മറ്റൊരു ഉത്തരവ് ഇറക്കാനാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഗുജറാത്ത് ഹൈക്കോടതിയിൽ എന്താണ് നടക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.

ശനിയാഴ്ച ഹർജി പരിഗണിച്ചതിന് പിന്നാലെ ഒരിക്കൽകൂടി വൈദ്യപരിശോധന നടത്താൻ ഹർജിക്കാരിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. പുതിയ റിപ്പോർട്ട് ഞായറാഴ്ച വൈകീട്ട് ആറ് മണിക്കകം സമർപ്പിക്കാനായിരുന്നു നിർദേശം. തുടർന്ന് മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടടക്കം പരിശോധിക്കുന്നതിനായാണ് ഇന്ന് കേസ് പരിഗണിച്ചത്.

അതേസമയം, ക്ലറിക്കൽ പിശക് പരിഹരിക്കാനാണ് ​ഗുജറാത്ത് ഹെെക്കോടതി ശനിയാഴ്ചത്തെ ഉത്തരവ് പാസാക്കിയതെന്ന് ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മുൻ ഉത്തരവിലുണ്ടായിരുന്ന പിശകുകൾ ശനിയാഴ്ച പരിഹരിച്ചു. ഉത്തരവ് തിരിച്ചുവിളിക്കുന്നതിനായി സംസ്ഥാന സർക്കാർ എന്ന നിലയിൽ ജഡ്ജിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിജീവിതയുടെ ഹർജി തീർപ്പാക്കുന്നതിൽ ഹെെക്കോടതി വരുത്തിയ കാലതാമസത്തെ നേരത്തെ സുപ്രീംകോടതി ചോദ്യംചെയ്തിരുന്നു. തുടർന്ന് ഹെെക്കോടതിയുടെ താത്പര്യമില്ലായ്മയെ വിമർശിച്ച സുപ്രീംകോടതി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതികരണം ആരാഞ്ഞുകൊണ്ട് നോട്ടീസയച്ചു.

ഗർഭച്ഛിദ്രത്തിനായി ആഗസ്റ്റ് 7-നാണ് അതിജീവിത ഹർജി സമർപ്പിക്കുന്നത്. 8-ന് വിഷയം പരിഗണിച്ച കോടതി മെഡിക്കൽ റിപ്പോർട്ട് ഹർജിക്കാരിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹർജിക്കാരിക്ക് അനുകൂലമായി ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഓഗസ്റ്റ് ഹർജി പരിഗണിച്ച ഹൈക്കോടതി കാരണമൊന്നുമില്ലാതെ കേസ് 23-ലേക്ക് മാറ്റി. ഓരോ ദിവസത്തെയും കാലതാമസം നിർണായകമാണെന്ന വസ്തുത കോടതി കാണാതെപോയെന്ന് ഇത്തരം നടപടിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഇത്തരം സാഹചര്യങ്ങളിൽ അടിയന്തിരമായി നടപടിയെടുക്കാനുള്ള ബോധമുണ്ടായിരിക്കണം. സാധാരണ കേസായി കണക്കാക്കി മാറ്റിവെച്ച മനോഭാവം ശരിയായില്ല. ഈ പരാമർശം നടത്തുന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ടെന്നും സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button