അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു; മുസ്ലീമിനും ബി.ജെ.പിക്കും ഇടയിലെ വിടവ് അകറ്റാന്‍ പ്രവര്‍ത്തിക്കുമെന്ന് എ.പി അബ്ദുള്ളക്കുട്ടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി പറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയില്‍ നിന്നാണ് അബ്ദുള്ളക്കുട്ടി അംഗത്വം ഏറ്റുവാങ്ങിയത്. ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലീമായെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലീമിനും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാന്‍ പ്രവര്‍ത്തിക്കുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.ബിജെപി പാലമെന്ററി പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് അബ്ദുള്ളക്കുട്ടി അംഗത്വം സ്വീകരിച്ചത്.
ഒരു മുസല്‍മാന്‍ എന്ന നിലയില്‍ ദേശസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ്. എന്നെ സി.പി.എമ്മും കോണ്‍ഗ്രസും പുറത്താക്കി. അതുകൊണ്ട് തന്നെ ഞാന്‍ നരേന്ദ്ര മോദിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ പോകുകയാണെന്നും നരേന്ദ്ര മോദിയുടെ കൈകളില്‍ ന്യൂനപക്ഷ സമുദായം സുരക്ഷിതമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.