തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിൽ നിൽക്കെ ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയ നടപടിക്കെതിരെ സിപിഐ നേതാവ് ആനി രാജ രംഗത്ത്. ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി നിരാശാജനകമെന്ന് അവർ പറഞ്ഞു. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും അവർ നിരാശ പ്രകടിപ്പിച്ചു.
നടിയെ ആക്രമിച്ച കേസും ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചനാ കേസും നിർണായക ഘട്ടത്തിൽ നിൽക്കേ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി അന്വേഷണ സംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്. എസ് ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയതും കോടതി വിമർശനങ്ങളുമാണ് സ്ഥാനമാറ്റത്തിന് പിറകിലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ ഇടപടൽ എഡിജിപിയുടെ സ്ഥാന ചലനത്തിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേൽനോട്ട ചുമതലയിൽ നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയത്. കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന അഭിഭാഷകരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ തന്നെ അന്വേഷണ സംഘത്തിനെതിരെ വലിയ സമ്മർദ്ദമുണ്ടായിരുന്നു. ഇതിന് പിറകെ എസ് ശ്രീജിത്തിനെതിരെ ദിലീപിന്‍റെ അഭിഭാഷകൻ ഫിലിപ് ടി വർഗീസ് പരാതിയുമായി ആഭ്യന്തര സെക്രട്ടറിയെ സീമീപിച്ചിരുന്നു.
ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ കുടുംബ സുഹൃത്താണ് എസ് ശ്രീജിത്തെന്നും കേസിന് പിറകിൽ ശ്രീജിത്ത് അടക്കമുള്ളവരുടെ ഗൂഢാലോചനയുണ്ടെന്നും ആയിരുന്നു പരാതി. അഭിഭാഷക സംഘടനകളും ശ്രീജിത്തിന്‍റെ നടപടിയിൽ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. മാത്രമല്ല കേസിൽ അന്വേഷണ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയും അന്വേഷണ സംഘവും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായിരുന്നു. ഇത്തരം സമ്മർദ്ദങ്ങളെല്ലാം സ്ഥാനം തെറിച്ചതിന് പിറകിലുണ്ടെന്നാണ് സൂചന.
നടിയെ ആക്രമിച്ചതിന്‍റെ തുടർ അന്വേഷണം പൂർത്തിയാക്കാൻ ഇനി അന്വേഷണ സംഘത്തിന് മുന്നിലുള്ളത് 40 ദിവസം മാത്രമാണ്. പുതിയ മേധാവിയെത്തി കേസിന്‍റെ നാള്‍ വഴികള്‍ ബോധ്യപ്പെട്ടതിന് ശേഷമേ അന്വേഷണസംഘത്തിന് ഇനി മുന്നോട്ടുപോകാൻ കഴിയൂ. കാവ്യയുടെ ചോദ്യം ചെയ്യൽ, അഭിഭാഷകരുടെ ചോദ്യം ചെയ്യൽ അടക്കമുളള കാര്യങ്ങളിൽ ഇനി പുതിയ മേധാവിയുടെ തീരുമാനവും നിർണായകമാവും.
മോൻസൺ മാവുങ്കൽ കേസിൽ മുൻ പൊലീസ് മേധാവിക്കെതിരെ നടത്തിയ ഇടപെടലുകളിൽ ചില കേന്ദ്രങ്ങളിൽ നിന്നും ശ്രീജിത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അതേ സമയം പ്രമാദമായ പല കേസുകളുടെയും തുടക്കത്തിൽ എസ് ശ്രീജിത്ത് കാണിക്കുന്ന ആവേശം തുടർന്നുണ്ടാകുന്നില്ലെന്ന പരാതിയും ആഭ്യന്തരവകുപ്പിനുണ്ട്. ശബരിമലയിലെ യുവതി പ്രവേശനത്തിൽ അടക്കം സർക്കാർ തീരുമാനം നടപ്പാക്കാൻ മുന്നിൽ നിന്ന ഉദ്യോഗസ്ഥനെ പൊലീസിനു പുറത്തേക്ക് തന്നെ മാറ്റിയത് ഉദ്യോഗസ്ഥ തലത്തിൽ അമ്പരപ്പും ആശ്ചര്യവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.