ആധാറും വോട്ടര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം നിയമ മന്ത്രാലയം അംഗീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ആധാറും വോട്ടര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത്
സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നിയമ മന്ത്രാലയം അംഗീകരിച്ചു. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മാധ്യമങ്ങള്‍ക്കും നിശ്ബദ സമയം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും കേന്ദ്രനിയമ മന്ത്രാലയം അംഗീകരിച്ചു. ഇക്കാര്യം ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 126 ന്റെ ഭാഗമാക്കാനാണ് തീരുമാനം.
2015 ലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ആമുഖ പദ്ധതിയില്‍ 32 കോടി ആധാര്‍ കാര്‍ഡുകള്‍ വോട്ടര്‍ ഐഡി കാര്‍ഡുകളുമായി ബന്ധിപ്പിച്ചു. പക്ഷേ ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഇടക്കാല നിര്‍ദേശങ്ങള്‍ പദ്ധതിയുടെ വ്യാപനം അസാധ്യമാക്കി. ഈ നടപടികളാണ് രാജ്യ വ്യാപകമായി പുനരാരംഭിക്കുക.
ഒന്നിലധികം വോട്ടര്‍കാര്‍ഡ് ഉള്ളവര്‍ രാജ്യത്ത് ഉണ്ടെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം കൂടിയാകും നടപടി. ആധാര്‍ കാര്‍ഡ് ഏതെങ്കിലും സാഹചര്യത്തില്‍ ലഭിക്കാത്തവര്‍ക്കും വിവരങ്ങളില്‍ വൈരുധ്യം ഉള്ളവര്‍ക്കും വോട്ടിംഗ് അവകാശം നഷ്ടമാകുന്നത് അടക്കമുള്ള നടപടികളാകും നേരിടേണ്ടിവരിക. ഇതിനായി ആധാര്‍ നിയമം ഭേദഗതി ചെയ്താകും കേന്ദ്രസര്‍ക്കാര്‍ നടപടി. ആകെ 40 തെരഞ്ഞെടുപ്പ് പരിഷക്കരണ നിര്‍ദേശങ്ങളാണ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് മുന്നില്‍ വച്ചത്. ഇവയ്ക്കെല്ലാം തത്വത്തില്‍ അംഗീകാരവും ലഭിച്ചു.