വൈക്കം: യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് തടസ്സം സൃഷ്ടിച്ചതിന്റെ പേരിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ മർദ്ദിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം വല്ലകം ഭാഗത്ത് അഖിൽ നിവാസ് വീട്ടിൽ അഖിൽ (33), തമിഴ്നാട് സ്വദേശിയായ അയ്യപ്പൻ (29), ഉദയനാപുരം വല്ലകം സബ്സ്റ്റേഷന് സമീപം വഴുതുകാട് പുതുവൽ വീട്ടിൽ ജീവൻ നന്ദു (24) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം രാത്രി 10: 45 മണിയോടുകൂടി കാറിൽ വൈക്കം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം എത്തിയ സമയം ഇതിന്റെ സമീപത്തുള്ള ബാറിൽ നിന്നും പുറത്തേക്കിറങ്ങിയ യുവാവിന്റെ ബൈക്ക് ഇവരുടെ കാറിന് തടസ്സം സൃഷ്ടിക്കുകയും, തുടർന്ന് ഇവർ തമ്മിൽ വാക്കു തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഈ സമയം ഇവർ വണ്ടിയിൽ നിന്നും ഇറങ്ങി കയ്യില്‍ കരുതിയിരുന്ന ഹാമറും, കമ്പിവടിയും ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവാവിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ അബ്ദുൽ ജബ്ബാർ, സി.പി.ഓ മാരായ മനീഷ്, പുഷ്പരാജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.