കൊച്ചി:ദീർഘനാളത്തെ പ്രണയത്തിനുശേഷം സ്വന്തമാക്കിയ ഭാര്യയെ നടുറോഡിൽ വച്ച് പരസ്യമായി കുത്തിക്കൊന്ന സംഭവം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ചേർത്തലയ്ക്ക് സമീപത്തായിരുന്നു സംഭവം നടന്നത്. സംശയരോഗമായിരുന്നു അരുംകൊലയ്ക്ക് കാരണം.
മദ്യപാനത്തിനടിമയായ രാജേഷിന് ഭാര്യ അമ്പിളിയിൽ സംശയമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ പേരിൽ വീട്ടിൽ നിന്തരം വഴക്കും മർദ്ദനവുമായിരുന്നു. കഴിഞ്ഞ ദിവസവും അമ്പിളിയേയും മക്കളേയും മർദ്ദിച്ചിരുന്നു. ചേർത്തല പൊലീസ് സ്റ്റേഷനിലാണ് പ്രശ്‌നം പരിഹരിച്ചത്.
എന്നാൽ പകയോടെ നടന്ന രാജേഷ്, അമ്പിളിയെ വകവരുത്തുകയായിരുന്നു. കേരളത്തിൽ സംശയരോഗം ഇന്ന് ഒറ്റപ്പെട്ട സംഭവമേ അല്ല. ഒട്ടുമിക്ക കുടുംബങ്ങളിലും സംശയം ഒരു മാറാരോഗമായി പടർന്ന് പിടിച്ചിരിക്കുകയാണ്. ഭാര്യയ്ക്ക് ഭർത്താവിനെയും ഭർത്താവിന് ഭാര്യയെയും സംശയമാണ്. ചിലർക്ക് ബന്ധുക്കളെയും.
‘ഭാര്യയ്ക്ക് തന്നെ സംശയമാണ്. ജോലികഴിഞ്ഞ് വന്നാൽ വസ്ത്രങ്ങൾ എല്ലാം പരിശോധിക്കും. പിന്നെ ശരീരം മണത്തുനോക്കും. തുടർന്ന് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി നിർബന്ധിച്ച് സ്വയംഭോഗം ചെയ്യിപ്പിക്കും, അളവുഗ്ളാസിൽ ബീജം ശേഖരിച്ചശേഷം അതിന്റെ അളവ് നിത്യവും പരിശോധിക്കും. അളവ് അല്പം കുറഞ്ഞാൽ വേറെ ഏതോ സ്ത്രീയുടെ അടുത്തുപോയി എന്നുപറഞ്ഞ് വഴക്കും തല്ലുമാണ്’. കുറച്ചുനാൾ മുമ്പ് ഒരു പ്രമുഖ പ്രസിദ്ധീകരണത്തിൽ ഡോക്ടർ പുറത്തുവിട്ട കോളേജ് അദ്ധ്യാപകന്റെ അനുഭവക്കുറിപ്പാണിത്.
പുറത്തുപോയി വരുന്ന ഭാര്യയുടെ ചുണ്ടിലെ ലിപ്‌സ്റ്റിക്കിന്റെ നിറം പരിശോധിക്കുന്ന ഭർത്താവാണ് മറ്റൊരുദുരന്തം. കളർ അല്പമൊന്ന് മങ്ങിയാൽ ഭാര്യ മറ്റാരെയോ ചുംബിച്ചു എന്നാണ് അയാൾ അർത്ഥമാക്കുന്നത്. ഇങ്ങനെ പോകുന്നു സംശങ്ങൾ. ഇത് കുടുംബങ്ങളുടെ തകർച്ചയിലേക്കും ചിലപ്പോൾ ജീവനുകൾ നഷ്ടപ്പെടുത്താനും വരെ ഇടയാക്കിയേക്കും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ആൺ-പെൺ വ്യത്യാസമില്ലാതെ കണ്ടുവരുന്ന ഈ രോഗം മുപ്പതുകളിലെ തുടക്കത്തിലാണ് കൂടുതൽ കടുക്കുന്നതെന്നും അവർ പറയുന്നു. ലഹരി ഉപയോഗിക്കുന്നവരാണെങ്കിൽ ഈ രോഗം കടുക്കാൻ വേഗം കൂടും.
സംശയ രോഗത്തെകുറിക്കാൻ പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് ഒഥല്ലോ സിൻഡ്രോം. ഷേക്സ്പിയറുടെ നാടകത്തിലെ പ്രസിദ്ധമായ കഥാപാത്രത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പങ്കാളി അവിശ്വസ്തനാണെന്ന സ്ഥിരമായ വിശ്വാസവും തോന്നലുമാണ് ഈ മാനസികാവസ്ഥ. ഇത് ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെയും ദൈനംദിന പ്രവർത്തനത്തെയും ഗുരുതരമായി ബാധിക്കും എന്നതാണ് മനഃശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്.
തെളിവുകൾ ഒന്നുമില്ലാതെയാണ് ഇവർ പങ്കാളികളെ സംശയിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം. തനിക്ക് കുറവുകൾ മാത്രമാണുള്ളതെന്നും അതിനാൽ പങ്കാളി ഇഷ്ടപ്പെടില്ലെന്നും മറ്റുള്ളവരെ തേടിപ്പോകുമെന്നും ഇവർ സ്വയം വിശ്വസിക്കുന്നു. തുടർന്ന് പങ്കാളിയോട് ശക്തമായ അസൂയ ആരംഭിക്കും. ഇതോടെ പങ്കാളിയെ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ തുടങ്ങും.
ആദ്യമൊക്കെ നിരീക്ഷണം മാത്രമാണെങ്കിലും കുറച്ച് കഴിയുമ്പോൾ ചോദ്യംചെയ്യൽ തുടങ്ങും. അതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കുടുംബ ബന്ധങ്ങൾ തകരും. ഇത്തരം സാഹചര്യമാണ് കൊലപാതകത്തിലേക്ക് എത്തുന്നതെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ മാത്രമാണ് സംശമെങ്കിലും രോഗം കടുക്കുന്നതോടെ കുട്ടികൾ ഉൾപ്പടെയുള്ള കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാനും ഇത്തരത്തിലുള്ളവർ മടി കാണിക്കാറില്ലത്രേ.
ഒരിക്കൽ സംശയരോഗം പിടിപെട്ടാൽ അത് മാറ്റിയെടുക്കുക വളരെ പ്രയാസമാണ്. തുടർന്ന് കാണുന്നതും കേൾക്കുന്നതും എല്ലാം ആ കണ്ണിലൂടെ മാത്രമായിരിക്കും. യഥാസമയം ചികിത്സ കിട്ടിയാൽ ഈ അവസ്ഥ മാറ്റിയെടുക്കാം. പക്ഷേ, ഇത്തരക്കാർ ചികിത്സയ്ക്ക് തയ്യാറാകില്ലെന്നതാണ് സത്യം. അസുഖം തിരിച്ചറിയാത്തതുതന്നെയാണ് കാരണം.
പങ്കാളിക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് സംശയരോഗത്തിന്റെ തുടക്കത്തിലെ ലക്ഷണം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിയന്ത്രണങ്ങൾ അനുസരിക്കാതിരുന്നതാൽ പ്രശ്നങ്ങൾ തുടങ്ങും. ഈ ഘട്ടത്തിൽ രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ വളരെ വേഗം രക്ഷപ്പെടുത്താം. പക്ഷേ, സൂക്ഷ്മതയോടെ കാര്യങ്ങൾ ചെയ്യണം.
പങ്കാളികളെ സംശയിച്ച് അവരുടെ ജീവനെടുക്കുന്ന വാർത്തകളാണ് പുറത്തറിയുന്നതിൽ ഏറിയകൂറും. എന്നാൽ ഇങ്ങനെയല്ലാത്ത സംശയരോഗങ്ങളും ഉണ്ട്. തന്നെ ആക്രമിക്കാൻ ചിലർ ആയുധങ്ങളുമായി നടക്കുകയാണെന്നും കൂട്ടുകാരാണ് ഇതിന് പിന്നിലെന്നുമാണ് ഇത്തരക്കാരുടെ വിചാരം. പൊലീസുകാരെപ്പോലും ഇവർക്ക് സംശയമാണ്. ഇത് അവർ പ്രകടിപ്പിക്കുകയും ചെയ്യും. പങ്കാളികളെ സംശയിക്കുന്നവരെപ്പോലെ തന്നെ ഇവരും കൂടുതൽ ശ്രദ്ധിക്കേണ്ടവരുടെ പട്ടികയിലാണെന്നാണ് ഡോക്ടർമാർ പറയുന്നത്. മറ്റുള്ളവർക്കെല്ലാം സംശയരോഗമാണെന്ന് ധരിക്കുന്നവരും ഇക്കൂട്ടത്തിൽ ഉൾപ്പെടും.
സംശയരോഗം തുടങ്ങിയെന്ന് തോന്നിത്തുടങ്ങിയാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്. മികച്ചൊരു ഡോക്ടറുടെ സേവനം തന്നെ ഇതിന് തിരഞ്ഞെടുക്കാം. രോഗനിർണയത്തിൽ അല്പം പിഴച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാലാണ് മികച്ച ഡോക്ടറുടെ സേവനം തേടണമെന്ന് പറയുന്നത്. രോഗനിർണയം കഴിഞ്ഞാൽ ചികിത്സ തുടങ്ങാം. ഈ അവസ്ഥയിലാണ് കുടുംബത്തിന്റെ പൂർണ പിന്തുണ രോഗിക്ക് വേണ്ടത്. ചെറിയൊരു കുറ്റപ്പെടുത്തൽ പോലും കാര്യങ്ങൾ കൈവിട്ട അവസ്ഥയിലേക്ക് എത്തിക്കും.