ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ ഒരുങ്ങുകയാണ് പോര്‍ച്ചുഗല്‍. ദക്ഷിണ കൊറിയക്ക് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പക്ഷേ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചിലപ്പോള്‍ കളിച്ചേക്കില്ല എന്ന ആശങ്ക വാര്‍ത്തയാണ് പുറത്തുവരുന്നത്.
‘റൊണാള്‍ഡോ കളിക്കുമോ ഇല്ലയോ എന്ന കാര്യം 50 ശതമാനമേ ഉറപ്പുള്ളൂ. ഇന്ന് അദേഹം എങ്ങനെ പ്രാക്‌ടീസ് ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും കളിക്കുന്ന കാര്യം. റൊണാള്‍ഡോ കളിക്കില്ലെങ്കില്‍ പകരം പദ്ധതി തങ്ങളുടെ പക്കലുണ്ട്’ എന്നും വാര്‍ത്താസമ്മേളനത്തില്‍ പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് വ്യക്തമാക്കി.
അതേസമയം ഉറുഗ്വെയ്ക്ക് എതിരായ മത്സരത്തില്‍ പരിക്കേറ്റ് മൈതാനം വിട്ട പ്രതിരോധതാരം ന്യൂനോ മെന്‍ഡിസിന് ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും. താരത്തിന്‍റെ കാല്‍ത്തുടയ്‌ക്കാണ് പരിക്കേറ്റത്. ‘നിര്‍ഭാഗ്യവശാല്‍ ന്യൂനോ മെന്‍ഡിസിന് ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങള്‍ നഷ്‌ടമാകും.
എന്നാല്‍ അദേഹം ടീമിനൊപ്പം തുടരും, ന്യൂനോസിന്‍റെ ആഗ്രഹമാണത്. ഇക്കാര്യം താരത്തിന്‍റെ ക്ലബ് അംഗീകരിച്ചിട്ടുണ്ട്. ന്യൂനോ പരിക്കില്‍ നിന്ന് തിരിച്ചെത്താനുള്ള ശ്രമം ഇവിടെ തുടങ്ങും. സ്‌ക്വാഡിനൊപ്പം തുടരാനുള്ള അദേഹത്തിന്‍റെ ആഗ്രഹം പോര്‍ച്ചുഗല്‍ താരങ്ങളുടെയാകെ മാനസിക തലം വ്യക്തമാക്കുന്നതാണ്’.
‘എന്‍റെ എല്ലാ താരങ്ങളിലും എനിക്ക് ആത്മവിശ്വാസമുണ്ട്. മൂന്ന് താരങ്ങളെ പരിക്ക് കാരണം നഷ്ടമാണെങ്കിലും, മറ്റുള്ളവരുടെ കാര്യം എന്താകുമെന്ന് നോക്കാം. എല്ലാ നാല് ദിവസത്തിലും കളിക്കുന്നത് താരങ്ങള്‍ക്ക് മാനസിക സമ്മര്‍ദത്തിനും പരിക്കേല്‍ക്കാനും കാരണമാകുന്നു.
ഇന്ന് വിജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതെത്തുക പ്രധാനമാണ്’ എന്നും ഫെര്‍ണാണ്ടോ സാന്‍റോസ് കൂട്ടിച്ചേര്‍ത്തു. ഘാനയ്ക്കും ഉറുഗ്വെയ്ക്കും എതിരെ വിജയിച്ച പോര്‍ച്ചുഗല്‍ എച്ച് ഗ്രൂപ്പില്‍ ഒന്നാമതാണ്. ഇന്ന് ദക്ഷിണ കൊറിയക്കെതിരെ വിജയിച്ചാല്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. രാത്രി എട്ടരയ്ക്ക് മത്സരം തുടങ്ങും. ഘാനയ്ക്ക് ഉറുഗ്വൊയാണ് ഇന്ന് എതിരാളി.