NationalNews

‘പുതിയ ഭാരതം പുതിയ ലക്ഷ്യം, ഭാരതം വളരുമ്പോൾ ലോകം വളരുന്നു’; നരേന്ദ്ര മോദി

ന്യൂഡല്‍ഹി:പുതിയ പാര്‍ലെമെന്റ് മന്ദിരത്തില്‍ ആദ്യ പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് പുതിയ പാര്‍ലമെന്റെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് വെറുമൊരു കെട്ടിടമല്ല, 140 കോടി ഇന്ത്യന്‍ ജനതയുടെ അഭിലാഷത്തിന്റെ പ്രതീകമാണ്. ഇത് ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചുള്ള സന്ദേശം ലോകത്തിന് നല്‍കുന്നുവെന്നും മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരം ലോക പുരോഗതിക്കും സംഭാവന നല്‍കും. ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ലോകവും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കുറെ വര്‍ഷത്തെ വിദേശ ഭരണം നമ്മുടെ അഭിമാനത്തെ നമ്മില്‍ നിന്ന് അപഹരിച്ചിരുന്നു. ഇന്ന് ഇന്ത്യ ആ കൊളോണിയല്‍ ചിന്താഗതി ഉപേക്ഷിച്ചു’ മോദി പറഞ്ഞു

പുതിയ പാര്‍ലമെന്റിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘പുതിയ പാര്‍ലമെന്റിന്റെ ആവശ്യം ഉണ്ടായിരുന്നു. വരും കാലത്ത് സീറ്റുകളുടെയും എംപിമാരുടെയും എണ്ണം വര്‍ദ്ധിക്കും. അതിനാല്‍ പുതിയ പാര്‍ലമെന്റ് രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.’ പ്രധാനമന്ത്രി പറഞ്ഞു.

ആധുനിക സൗകര്യങ്ങളും അത്യാധുനിക ഗാഡ്ജെറ്റുകളുമാണ് മന്ദിരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 60,000 ത്തിലധികം തൊഴിലാളികള്‍ക്ക് ഇത് തൊഴില്‍ നല്‍കി. അവരുടെ അധ്വാനത്തെ ബഹുമാനിക്കാന്‍ ഞങ്ങള്‍ ഒരു ഡിജിറ്റല്‍ ഗാലറി സൃഷ്ടിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

പുതിയ പാര്‍ലമെന്റില്‍ തന്റെ ആദ്യ പ്രസംഗം അവസാനിപ്പിച്ച ശേഷം അദ്ദേഹം നിരവധി നേതാക്കളുമായി സംവദിക്കുകയും ചെയ്തു.

ലോക്‌സഭാ ചേംബറില്‍ പ്രത്യേക പൂജകള്‍ നടത്തി ചരിത്ര പ്രാധാന്യമുളള ചെങ്കോല്‍ സ്ഥാപിച്ച ശേഷമാണ് മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. അതേസമയം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടന ചടങ്ങുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. 

ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നടത്തിയത്. ഇത് രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച പൂര്‍വ്വികര്‍ക്ക് അപമാനമാണെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിലെ പ്രധാന സംഭവങ്ങള്‍

  • രാവിലെ 7.30ന് പ്രധാനമന്ത്രി മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെത്തി. ഒരു മണിക്കൂറോളം നീണ്ട പരമ്പരാഗത പൂജയോടെയാണ് ഉദ്ഘാടനചടങ്ങുകള്‍ ആരംഭിച്ചത്.
  • അധീനം ദര്‍ശകര്‍ പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറി. അദ്ദേഹം ചെങ്കോലിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുകയും കൈയില്‍ ചെങ്കോലുമായി നിന്ന് തമിഴ്നാട്ടിലെ വിവിധ അധീനങ്ങളിലെ പുരോഹിതന്മാരില്‍ നിന്ന് അനുഗ്രഹം തേടുകയും ചെയ്തു.
  • നാദസ്വരത്തിന്റെയും വേദ മന്ത്രോച്ചാരണങ്ങള്‍ക്കുമിടയില്‍ ഘോഷയാത്രയായി മോദി ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കൊണ്ടുപോയി. പൂജ പൂര്‍ത്തിയാക്കിയ ശേഷം ചെങ്കോല്‍ സ്ഥാപിച്ചു.
  • പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ‘ഗണപതി ഹോമം’ നടത്തി.
  • പുതിയ പാര്‍ലമെന്റിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായ ഒരു കൂട്ടം നിര്‍മ്മാണ തൊഴിലാളികളെ പ്രധാനമന്ത്രി പരമ്പരാഗത ഷാള്‍ അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വിവിധ മതങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ബഹുമത പ്രാര്‍ത്ഥനാ സമ്മേളനവും നടന്നു.

പുതിയ പാര്‍ലമെന്റ് മന്ദിര പ്രത്യേകതകള്‍

  • പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭാ ചേമ്പറില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭാ ചേംബറില്‍ 300 അംഗങ്ങള്‍ക്കും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
  • 971 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ സമുച്ചയം ഇന്ത്യയുടെ പുരോഗതിയുടെ പ്രതീകമാണെന്നും 135 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുമെന്നുമാണ് പാര്‍ലമെന്റ് പുനര്‍വികസന പദ്ധതിയുടെ വെബ്സൈറ്റില്‍ പറയുന്നത്. 
  • ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നുള്ള പരവതാനികളും ത്രിപുരയില്‍ നിന്നുള്ള മുളകൊണ്ടുള്ള തറയും രാജസ്ഥാനില്‍ നിന്നുള്ള കൊത്തുപണികളുമുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന തത്ത്വത്തെയാണ് ഉള്‍ക്കൊള്ളുന്നത്.
  • ഈ ചരിത്ര ദിനത്തിന്റെ സ്മരണയ്ക്കായി സര്‍ക്കാര്‍ 75 രൂപ നാണയം പുറത്തിറക്കും.
  • പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി വലിയ ഒരു ഭരണഘടനാ ഹാള്‍, എംപിമാര്‍ക്കുള്ള വിശ്രമമുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികള്‍, ഡൈനിംഗ് ഏരിയ, വിശാലമായ പാര്‍ക്കിങ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പരമാവധി സ്ഥല വിനിയോഗം ഉറപ്പാക്കാനാണ് ഈ മാതൃക സ്വീകരിച്ചത്. ഇതിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട് – ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ്മ ദ്വാര്‍ – കൂടാതെ വിഐപികള്‍ക്കും എംപിമാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക പ്രവേശന കവാടങ്ങളുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button