KeralaNews

‘രാഷ്ട്രീയ എതിരാളികളോടും സൗഹൃദം സൂക്ഷിച്ച നേതാവ്’; അനുശോചിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ എതിരാളികളോടും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണ്.  കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കുറിപ്പിൽ അറിയിച്ചു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുധ ബാധിതനായിരുന്നു. അര്‍ബുദ ബാധയക്കപ്പുറം മറ്റുചില ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു ചെന്നൈയിലേക്ക് മാറിയത്.

മൂന്ന് തവണയാണ് സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചത്. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ. 

ഓണിയൻ സ്കൂളിൽ എട്ടാംക്ലാസ് മുതൽ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു.19 വയസ്, ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖർക്കൊപ്പമുള്ള ജയിൽക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണൻ വളർന്നു. 1982 ൽ തലശേരി എംഎൽഎ. തോൽവിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്.

കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണൻ്റെ  വേർപാട്. കണ്ണൂരിൽ നിന്നും യാത്ര തുടങ്ങിയാൽ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാൽ കോടിയേരി ആയിരുന്നു. കണ്ണൂരിൽ  നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയിൽ എത്തുന്നതിലും, ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും  ബാലകൃഷ്ണൻ വിജയന്‍റെ തുടർച്ചയായി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker