ലക്‌നൗ: ചപ്പാത്തിയ്ക്കായുള്ള ഗോതമ്പുമാവ് മൂത്രം കൊണ്ട് കുഴച്ച സംഭവത്തിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 32 കാരിയായ റീനയാണ് അറസ്റ്റിലായത്. വീട്ടുടമ നൽകിയ പരാതിയിലാണ് റീനയെ ഗായിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
അടുത്തിടെ വീട്ടിലെ അന്തേവാസികളിൽ ചിലർക്ക് കരൾ രോഗം ബാധിച്ചിരുന്നു. ഇതിന് പിന്നാലെ സംശയം തോന്നിയ വീട്ടുടമ അടുക്കളയിൽ മൊബൈൽ ക്യാമറ ഓൺ ആക്കി വയ്ക്കുകയായിരുന്നു. ഇതിലാണ് റീന മൂത്രം ഉപയോഗിച്ച് മാവ് കുഴയ്ക്കുന്നത് കണ്ടത്. ഇത് കണ്ട ഉടനെ വീട്ടുടമ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ അവർ പങ്കുവയ്ക്കുകയും ചെയ്തു.
പരാതി ലഭിച്ചതിന് പിന്നാലെ വീട്ടിൽ എത്തിയ പോലീസ് റീനയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. അപ്പോൾ റീന കുറ്റം സമ്മതിയ്ക്കുകയായിരുന്നു. നേരത്തെയും നിരവധി തവണ മൂത്രം ഉപയോഗിച്ച് മാവ് കുഴച്ചിരുന്നതായും റീന വ്യക്തമാക്കി.
ഏതാനും മാസങ്ങൾക്ക് മുൻപാണ് റീന വീട്ടുജോലിയ്ക്കായി ഗാസിയാബാദിൽ എത്തിയത്. ജോലി ചെയ്യുന്നതിനിടെ നിരവധി തവണ വീട്ടുടമയിൽ നിന്നും ശകാരവും അസഭ്യവർഷവും കേട്ടിട്ടുണ്ടെന്നാണ് റീന പോലീസിന് നൽകിയ മൊഴി. ചെറിയ പിഴവുകൾ സംഭവിക്കുമ്പോൾ പോലും വീട്ടുടമ രൂക്ഷമായ ഭാഷയിൽ ശകാരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് മാവ് മൂത്രം ഒഴിച്ച് കുഴച്ച് ചപ്പാത്തി ഉണ്ടാക്കിയത് എന്നും റീന പോലീസിനോട് പറഞ്ഞിട്ടുണ്ട്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്. റീനയ്ക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.