കൊച്ചി:ഇരുന്നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ച് ജൂഡ് ആന്തണി ജോസഫ് ചിത്രം’2018′. ഒരു മലയാള ചിത്രം 200 കോടി ബിസിനസ് നേടിയെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് 2018. ചിത്രം 200 കോടി ക്ലബ്ബിലെത്തിയ വിവരം അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചു.
ഒരു മലയാള സിനിമ 150 കോടി ക്ലബ്ബിൽ ഇടംപിടിച്ചതും 2018 ആയിരുന്നു. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകൾ അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും മികച്ച കളക്ഷൻ സ്വന്തമാക്കുകയും ചെയ്തിരുന്നു. സോണി ലിവിൽ അടുത്തിടെ സ്ട്രീമിംഗ് തുടങ്ങിയിരുന്നു. ജൂൺ ഏഴ് മുതലായിരുന്നു ഇത്.
ഈ അടുത്ത കാലത്ത് ഒരൊറ്റദിവസം കൊണ്ട് അഞ്ച് കോടിക്ക് മുകളിൽ ഗ്രോസ് ലഭിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘2018’. ചിത്രം നൂറുകോടി പിന്നിട്ടപ്പോൾ ഈ വിജയം സാധാരണക്കാരന്റേതാണെന്ന് ജൂഡ് പറഞ്ഞിരുന്നു. ഒരു നടനോ സിനിമയോ അല്ല, മലയാളികൾ ഒരുമിച്ചു നേടിയ ആദ്യത്തെ 100 കോടി എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടംമെന്നും ജൂഡ് പറഞ്ഞിരുന്നു.
പ്രളയം പശ്ചാത്തലമായ ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫിനറെ ‘2018’. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, സുധീഷ്, അജു വർഗീസ്, അപർണ ബാലമുരളി, തൻവി റാം, ശിവദ, ഗൗതമി നായർ, സിദ്ദിഖ് തുടങ്ങി വൻ താരനിരയാണ് ‘2018’ എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജൂഡിനൊപ്പം അഖിൽ പി ധർമജനും ചിത്രത്തിന്റെ തിരക്കഥാരചനയിൽ പങ്കാളിയാണ്.