മാലി:മാലദ്വീപിൽ തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിനു തീപിടിച്ച് ഒൻപത് ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് സംഭവം. തീപിടിച്ച കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി മാലദ്വീപ് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മരിച്ച ഒരാൾ ബംഗ്ലദേശുകാരനാണെന്നാണ് വിവരം.
തീപിടിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വർക് ഷോപ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. നാലു മണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ മരിച്ചതായി സൂചിപ്പിച്ച് മാലദ്വീപിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ ജീവഹാനിക്ക് കാരണമായ മാലിയിലെ തീപിടിത്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മാലദ്വീപ് അധികൃതരുമായി എംബസി ബന്ധം പുലർത്തുന്നുണ്ട്’ – ട്വീറ്റിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറും എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.
രണ്ടര ലക്ഷത്തോളം ജനസംഖ്യയുള്ള മാലിയിൽ പകുതിയിലധികവും വിദേശത്തുനിന്ന് വന്ന് താമസിക്കുന്ന തൊഴിലാളികളാണ്. ബംഗ്ലദേശ്, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തൊഴിലാളികളിലധികവും.