തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വച്ച് വനിത എസ്.ഐയ്ക്കെതിരെ കൈയ്യേറ്റ ശ്രമം നടത്തിയ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വനിത എസ്ഐയെ സംഘം ചേര്‍ന്ന് ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് പൊലീസ് കേസെടുത്തത്.
വലിയ തുറ എസ്ഐ അലീനയുടെ പരാതിയിലാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്.ഐ അലീന ഇന്ന് കോടതിയിൽ എത്തിയപ്പോൾ അഭിഭാഷകര്‍ സംഘം ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു പരാതി. പ്രണവ് എന്ന അഭിഭാഷകൻ അടക്കം കണ്ടാലറിയുന്ന ഇരുപതോളം പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ സമയം താമസിച്ചുവെന്നാരോപിച്ചായിരുന്നു അലീനയെ നേരെ ഇന്ന് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകര്‍ സംഘടിച്ചെത്തി തടഞ്ഞത്. അഭിഭാഷകര്‍ തന്നെ കൈയേറ്റം ചെയ്തുവെന്നും അസഭ്യം വിളിച്ചുവെന്നും കാണിച്ച് മജിസ്ട്രേറ്റിന് എസ്.ഐ അലീന പരാതി നൽകിയിരുന്നു.