തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എല്‍.എയ്ക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. മേയർ അടക്കം അഞ്ച് പേര്‍ക്കെതിരേയാണ് കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച യദുവിന്റെ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ കന്റോണ്‍മെന്റ് പോലീസിന് നിര്‍ദേശം നല്‍കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അനധികൃതമായി തടങ്കലില്‍വെച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഡ്രൈവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.
നേരത്തേ ഗതാഗതം തടസ്സപ്പെടുത്തിയതിന് അഭിഭാഷകന്റെ ഹര്‍ജിയില്‍ ജാമ്യംലഭിക്കുന്ന വകുപ്പ് ചുമത്തി മേയറും എംഎൽഎയും അടക്കമുള്ളവർക്കെതിരേ കേസെടുത്തിരുന്നു. അഭിഭാഷകന്‍ ബൈജു നോയല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
ബൈജുവിന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തും. കൂടുതല്‍ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പോലീസ് ശ്രമംതുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ടെത്തിയും സാക്ഷിമൊഴി രേഖപ്പെടുത്തും.
മേയര്‍ ആര്യാ രാജേന്ദ്രനുമായി തര്‍ക്കമുണ്ടായ ദിവസം കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദു ഡ്രൈവിങ്ങിനിടയില്‍ ഒരുമണിക്കൂറോളം മൊബൈലില്‍ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂരില്‍നിന്ന് സംഭവംനടന്ന പാളയത്ത് എത്തുന്നതുവരെ യദു പലപ്പോഴായി ഒരു മണിക്കൂറോളം ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കെ.എസ്.ആര്‍.ടി.സി.ക്ക് റിപ്പോര്‍ട്ട് നല്‍കി.