തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയതിന് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ. കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാണിച്ചത് ഇയാള്‍ സമ്മതിച്ചെന്നാണ് സൂചന. കസ്റ്റഡിയുള്ള ആൾ ഞായറാഴ്ച മുടി വെട്ടി രൂപമാറ്റം വരുത്തിയിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും എന്നാണ് വിവരം. അതിക്രമിച്ചു കയറൽ, മോഷണശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയേക്കും.
കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച കയറിയ കേസിലാകും പേരൂർക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുക. മ്യൂസിയം പരിസരത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ ഇയാളെ മ്യൂസിയം പൊലീസ് ചോദ്യം ചെയ്തില്ല. നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ കേസെടുത്തത് മ്യൂസിയം പൊലീസായിരുന്നു. രണ്ട് സംഭവത്തിലും പ്രതി ഒരാളെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. എന്നാല്‍, കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യാൻ മ്യൂസിയം പൊലീസ് തയ്യാറായില്ല.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് കുറവന്‍കോണത്തെ വീട്ടില്‍ അജ്ഞാതന്‍ കയറാന്‍ ശ്രമിച്ചത്. രാത്രി 9.45 മുതൽ പ്രതി വീടിന്‍റെ പരിസരത്തുണ്ടായിരുന്നു. അർദ്ധരാത്രി 11.30 നാണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ് വീടിന്‍റെ മുകൾനിലയിലേക്കുള്ള ഗേറ്റിന്‍റെയും മുകൾനിലയിലെ ഗ്രില്ലിന്‍റെയും പൂട്ടുതകർത്തത്. ജനലും തകർക്കാൻ ശ്രമിച്ചു. മൂന്നര വരെ ഇയാൾ ഇവിടെ തന്നെയുണ്ടായിരുന്നു. പിന്നാലെയാണ് മ്യൂസിയത്ത് ലൈംഗികാതിക്രമം നടത്തിയ ആൾതന്നെയല്ലേ ഇതെന്ന സംശയം ബലപ്പെട്ടത്.
കുറവൻർകോണത്തെ വീട്ടിൽ ചൊവ്വാഴ്ച്ച നടന്നതിന് സമാനമായ രീതിയിൽ ഇന്നലെ രാത്രിയും അതിക്രമം നടന്നു. ചൊവ്വാഴ്ച്ച രാത്രി അതിക്രമം നടത്തിയ അതേയാൾ ഇന്നലെ രാത്രിയും ഈ വീട്ടിലെത്തി. സി സി ടി വി യി ൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം മറച്ചാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം കണ്ട അതേ ആളാണ് ഇന്നലെ രാത്രിയും വീട്ടിലെത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മ്യൂസിയത്ത് നടക്കാനിറങ്ങിയ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംശയമുളള നിരവധിപ്പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും തിരിച്ചറിയിൽ പരേഡിൽ പ്രതിയെ പരാതിക്കാരി തിരിച്ചിറിഞ്ഞില്ല.