CrimeKeralaNews

കാൽ തല്ലിയൊടിച്ച ശേഷം പീഡന കേസും : പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്‌:അയൽവാസിയെ മർദിച്ച് കാൽ തല്ലിയൊടിച്ച ശേഷം നഷ്ടപരിഹാരം നൽകുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മർദനമേറ്റയാളുടെ പേരിൽ പീഡന കേസ് രജിസ്റ്റർ ചെയ്യിച്ചെന്ന പരാതിയിൽ തിരുവമ്പാടി പോലീസ് ഇൻസ്പെക്ടർക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പരാതി കമ്മീഷൻ്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും.

കമ്മീഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് നിർദേശം നൽകിയത്. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി.

കൂടരഞ്ഞി സ്വദേശി ജനീഷ് കുര്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി. അയൽക്കാരനായ ജോമി ജോസഫാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് കേസു കൊടുത്തെങ്കിലും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ട് 2,70,000 രൂപ നഷ്ടപരിഹാരം വാങ്ങി നൽകാമെന്ന പേരിൽ കേസുമായി മുന്നോട്ടു പോയില്ല.

എന്നാൽ പ്രതി രണ്ടു ലക്ഷം മാത്രം നൽകി. തുടർന്ന് പോലീസിനെ സമീപിച്ചെങ്കിലും മർദ്ദനത്തിൽ കേസെടുത്തില്ല. പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചപ്പോൾ ജോമി ജോസഫിൻ്റെ ഭാര്യയുടെ പരാതിയിൽ തനിക്കെതിരെ കേസെടുക്കുമെന്ന് തിരുവമ്പാടി എസ്എച്ച് ഒ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. പരാതിക്കാരൻ വീണ്ടും കമ്മീഷനെ സമീപിച്ചു.

അപ്പോൾ തൻ്റെ പരാതിയിലും ജോമി ജോസഫിൻ്റെ ഭാര്യയുടെ പരാതിയിലും കേസെടുത്തു. തുടർന്ന് പരാതിക്കാരന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കമ്മീഷനിൽ പരാതി നൽകിയതിനാണ് തനിക്കെതിരെ കള്ള പരാതി രജിസ്റ്റർ ചെയ്തതെന്ന് പരാതിക്കാരൻ അറിയിച്ചു. മാർച്ചിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ഐ.ജിക്ക് നൽകിയ നിർദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button