ഭോപാൽ: കുഴൽക്കിണറിൽനിന്ന് 52 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം പുറത്തെടുത്ത പെൺകുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ സെഹോർ സ്വദേശിയായ സൃഷ്ടിയാണു (രണ്ടര വയസ്സ്) ഏവരെയും സങ്കടത്തിലാഴ്ത്തി യാത്രയായത്. മുംഗാവാലി ഗ്രാമത്തിൽ വീടിനടുത്ത് കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.
കുട്ടി മരിച്ചതായി ആശുപത്രി അധികൃതരാണ് അറിയിച്ചത്. എന്നാൽ, കുഴൽക്കിണറിൽ വച്ചുതന്നെ കുഞ്ഞ് മരിച്ചിരുന്നെന്നും പുറത്തെടുത്തപ്പോഴേക്കും ശരീരം അഴുകാൻ തുടങ്ങിയിരുന്നെന്നും പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് അയച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീണ കുട്ടിയെ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയെ മാത്രമാണ് കുഴല്‍ക്കിണറില്‍നിന്നു പുറത്തെടുക്കാനായുള്ളൂ.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. 300 അടി താഴ്ചയുള്ള കുഴൽക്കിണറിലാണു കുട്ടി വീണത്. 40 അടി താഴ്ചയുള്ള ഭാഗത്തു തങ്ങിനിന്ന കുട്ടി, രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടി താഴ്ചയിലേക്കു പതിച്ചു. ഇതോടെ പുറത്തെടുക്കുന്നതു ദുഷ്കരമായി മാറി.
വിപുലമായ സന്നാഹങ്ങളോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ കുട്ടി 135 അടി താഴ്ചയിലേക്കു പതിച്ചു. സൈന്യം, ദേശീയ – സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവർ രക്ഷാപ്രവർത്തിനു നേതൃത്വം നൽകി. ഗുജറാത്തില്‍നിന്നു റോബട്ടിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘവും സ്ഥലത്ത് എത്തിയിരുന്നു.