ചെന്നൈ : ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായിത്തന്നെ തുടരുന്നുവെന്ന് ഡോക്ടര്‍മാര്‍. ശ്വസനസഹായിയുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോഴും ശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രമേഹസംബന്ധമായ അസുഖങ്ങളുള്ളതാണ് ആരോഗ്യനില മോശമാക്കുന്നത്.
കൊവിഡ് രോഗബാധ കണ്ടെത്തിയ ശേഷം വീട്ടില്‍ത്തന്നെ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് ആരോഗ്യനില വഷളായതോടെയാണ് ഓഗസ്റ്റ് 5-ന് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ അദ്ദേഹത്തിന്റെ നില വഷളാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
ആറ് ദേശീയ അവാര്‍ഡുകളടക്കം നേടി സംഗീതാരാധകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. 16 ഭാഷകളിലായി അദ്ദേഹം പാടിയത് നാല്‍പ്പതിനായിരം ഗാനങ്ങളാണ്. സംഗീതത്തിന് പുറമേ, അദ്ദേഹം അഭിനയിച്ചു, സിനിമകള്‍ നിര്‍മിച്ചു, നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തു. രാജ്യം പദ്മശ്രീയും പദ്മഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചു