ഡല്‍ഹി: കൊവിഡ് വൈറസ് ബാധിച്ച് ഡല്‍ഹിയിലും മുംബൈയിലും ഇന്ന് ഓരോ മലയാളികള്‍ കൂടി മരിച്ചു. ഡല്‍ഹിയില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി വി.കെ. രാധാകൃഷ്ണനാണ് മരിച്ചത്. മുംബൈയില്‍ തിരുവനന്തപുരം നാവായിക്കുളം സ്വദേശി ജി.എ. പിള്ളയാണ് (70) മരിച്ചത്.
അതേസമയം മുംബൈയില്‍ ചേരിനിവാസികളില്‍ പകുതിയിലേറെ പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി സെറോ സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വന്നു. ചേരികളിലെ 57 ശതമാനം ആളുകളിലും രോഗാണു വന്നുപോയതായാണ് കണ്ടെത്തല്‍. ഏഴായിരത്തോളം ആളുകളില്‍ നടത്തിയ പരിശോധനയിലാണ് ആറില്‍ ഒരാള്‍ക്കു രോഗബാധയുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്.
ഇതില്‍ കൊവിഡ് വന്നുപോയതായി തെളിയിക്കുന്ന ആന്റിബോഡി സാന്നിധ്യം പലരിലും സ്ഥിരീകരിച്ചു. ദഹിസര്‍, മാട്ടുംഗ, ചെമ്പൂര് മേഖലകളിലെ ജനങ്ങളെയാണ് കോവിഡ് വ്യാപനം മനസിലാക്കാനുള്ള സെറോ സര്‍വേയ്ക്ക് വിധേയമാക്കിയത്. രാജ്യത്തെ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ യഥാര്‍ഥ എണ്ണം വളരെ ഉയര്‍ന്നതാവുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
നിലവില്‍ അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് പതിനഞ്ചരലക്ഷത്തോളം പേര്‍ക്കാണ് രോഗം ഇതേവരെ ബാധിച്ചത് എന്നാണ് ഔദ്യോഗിക കണക്കുകള്‍.