ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ കോഫിഷോപ്പ് ശൃംഖലയായ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉടമ വി.ജി. സിദ്ധാര്‍ഥ, കമ്പനിയില്‍നിന്ന് 2,700 കോടി രൂപ സ്വന്തം അക്കൗണ്ടുകളിലേക്കു മാറ്റിയിരുന്നതായി കണ്ടെത്തല്‍. സിദ്ധാര്‍ഥയുടെ ആത്മഹത്യയെത്തുടര്‍ന്നു നടക്കുന്ന അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്‌തമായത്.
കമ്പനിയുടെ അനുബന്ധസ്‌ഥാപനങ്ങളില്‍നിന്ന് സ്വന്തം കുടുംബത്തിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിലേക്കു പണം മാറ്റുകയായിരുന്നു.സിദ്ധാര്‍ഥയുടെ സ്‌ഥാപനമായ മൈസൂര്‍ അമാല്‍ഗമേറ്റഡ് കോഫി എസ്‌റ്റേറ്റില്‍നിന്ന് ഈ തുക തിരിച്ചുപിടിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.
ഈ തുക അദ്ദേഹം സ്വകാര്യനിക്ഷേപകരില്‍നിന്നുള്ള ഓഹരികള്‍ വാങ്ങാനും വായ്‌പാ തിരിച്ചടവിനും മറ്റു കടങ്ങളുടെ പലിശ അടയ്‌ക്കാനുമാണ് ഉപയോഗിച്ചിരുന്നതെന്ന് കമ്പനി അധികൃതര്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി.കഴിഞ്ഞ വര്‍ഷം ജൂണിലാണു സിദ്ധാര്‍ഥയെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്‍ കടബാധ്യതയെത്തുടര്‍ന്നു ജീവനൊടുക്കിയെന്നാണു നിഗമനം.