തിരുവനന്തപുരം: ജൂലായ് 16-ന് നടത്തിയ കേരള എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയില്‍ തെറ്റുണ്ടെങ്കില്‍ ഇത് സംബന്ധിച്ച പരാതികള്‍ ഉന്നയിക്കാനുള്ള അവസരമുണ്ട്.
ഉത്തരസൂചികകള്‍ സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാര്‍ഥികള്‍ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂലായ് 25 വൈകുന്നേരം 5 മണിക്ക് മുന്‍പ് തപാല്‍ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ലഭ്യമാക്കേണ്ടതാണ്.
നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതും. നിശ്ചിത ഫീസില്ലാതെ ലഭിക്കുന്നതും, ഇ-മെയില്‍, ഫാക്സ് എന്നിവ മുഖാന്തിരം ലഭിക്കുന്നതുമായ പരാതികള്‍ പരിഗണിക്കുന്നതല്ല. ഉന്നയിച്ചിരിക്കുന്ന ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അതിന് വേണ്ടി നല്‍കിയ തുക തിരികെ നല്‍കുന്നതാണ്.