തിരുപ്പതി: പൂജാരിമാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലും തിരുപ്പതി ക്ഷേത്രം അടച്ചിടില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചെയര്‍മാന്‍. ആളുകള്‍ക്ക് തുടര്‍ന്നും ക്ഷേത്രം സന്ദര്‍ശിക്കാമെന്നും ക്ഷേത്രം സന്ദര്‍ശിച്ച തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി തെളിവില്ലെന്നും വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു. നിലവില്‍ ക്ഷേത്രത്തിലെ 140 ജീവനക്കാര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 14 പൂജാരിമാരും ഉള്‍പ്പെടുന്നു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ ജൂണ്‍ പതിനൊന്നിനാണ് ക്ഷേത്രം തുറന്നത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 70 പേര്‍ രോഗവിമുക്തരായതായും ടിടിഡി ചെയര്‍മാന്‍ പറഞ്ഞു. രോഗബാധിതരില്‍ കൂടുതല്‍ പേരും ക്ഷേത്രത്തില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരാണ്. ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് ഗുരുതര രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
കൂടുതല്‍ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ ആശങ്ക ഉന്നയിച്ചു മുന്‍ മുഖ്യപൂജാരി എവി രമണ ദീക്ഷിതുലു രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.