തിരുവനന്തപുരം : ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന വായ്പയാണ് സ്വർണ്ണ പണയ വായ്പ. രാജ്യത്തെ പൊതുമേഖല ബാങ്കുകൾ മുതൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ വരെ ഇത്തരത്തിൽ സ്വർണ പണയ വായ്പ നൽകുന്നുണ്ട്. ഭൂരിഭാഗവും ഒരു വർഷത്തെ കാലാവധിയിൽ ആയിരിക്കും ബാങ്കിംഗ് സ്ഥാപനങ്ങൾ സ്വർണ്ണ വായ്പ നൽകുന്നത്.
ഈ കാലാവധി കഴിയുന്നതോടുകൂടി പലിശയും മുതലും അടച്ച് സ്വർണ്ണം തിരിച്ചെടുക്കുകയോ അല്ലെങ്കിൽ പലിശ മാത്രം അടച്ച് അടുത്ത ഒരു വർഷത്തേക്ക് പുതുക്കി വയ്ക്കുകയോ ആണ് പതിവ്. എന്നാൽ വൈകാതെ തന്നെ ഈ രീതിക്ക് മാറ്റം വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇനിമുതൽ സ്വർണ്ണപ്പണയെ വായ്പയ്ക്ക് പ്രതിമാസ തിരിച്ചടവ് രീതി (ഇഎംഐ) ആക്കാനാണ് ബാങ്കിംഗ് സ്ഥാപനങ്ങൾ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ പല ബാങ്കിംഗ് സ്ഥാപനങ്ങളും സ്വർണ്ണപ്പണയം വായ്പ നൽകുന്നതിൽ ചട്ടങ്ങൾ പാലിക്കുന്നില്ല എന്ന റിസർവ് ബാങ്കിന്റെ കണ്ടെത്തലിനെ തുടർന്നാണ് ബാങ്കിംഗ് സ്ഥാപനങ്ങൾ രീതി മാറ്റാനായി ഒരുങ്ങുന്നത്. രാജ്യത്ത് സ്വർണ്ണപ്പണയം വായ്പ കുത്തനെ ഉയർന്നതിലും റിസർവ് ബാങ്ക് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഈ പുതിയ രീതി നടപ്പിലാക്കുകയാണെങ്കിൽ മറ്റു വായ്പകൾ പോലെ തന്നെ പ്രതിമാസം നിശ്ചിത തുക അടയ്ക്കേണ്ട ടേം ലോണുകൾ ആയി സ്വർണ്ണ പണയ വായ്പയും മാറും. നിലവിലും ഈ സംവിധാനമുണ്ടെങ്കിലും മിക്ക ഇടപാടുകാരും അവസാനനിമിഷം പുതുക്കിവയ്ക്കുകയോ സ്വർണം തിരിച്ചെടുക്കുകയോ ആണ് ചെയ്യാറുള്ളത്. സ്വർണ വായ്പാവിതരണത്തിൽ കെവൈസി ചട്ടം, ക്യാഷ് പരിധി, എൽടിവി നിബന്ധന, പരിശുദ്ധി പരിശോധന തുടങ്ങിയ ചട്ടങ്ങൾ പാലിക്കുന്നതിൽ പല ബാങ്കിംഗ് സ്ഥാപനങ്ങളും വീഴ്ച വരുത്തുന്നുണ്ട് എന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കുന്നത്.
സ്വർണ്ണപ്പണയ വായ്പ തിരിച്ചടവ് ഇഎംഐ രീതിയിലേക്ക് മാറുമ്പോൾ ലോണുകൾക്ക് നിശ്ചിത തിരിച്ചടവ് കാലാവധി ഉണ്ടായിരിക്കും. മൂന്നുവർഷം വരെ കാലാവധി നൽകാൻ ആയിരിക്കും സാധ്യതയുള്ളത്. ഈ കാലയളവിനുള്ളിൽ നിശ്ചിത തുക പ്രതിമാസം അടച്ച് ലോൺ തുക പൂർത്തീകരിക്കാൻ കഴിയുന്നതാണ്.
എന്നാൽ ഈ രീതിയിലേക്ക് സ്വർണ്ണപ്പണയ വായ്പ രീതി മാറുമ്പോൾ ഇഎംഐ തുക പ്രതിമാസം തിരിച്ചടയ്ക്കാനുള്ള ശേഷി വായ്പ എടുക്കുന്നയാൾക്ക് ഉണ്ടോ എന്നുള്ള കാര്യം ബാങ്കുകൾ പരിശോധിക്കേണ്ടതായി വരും. അതായത് സ്വർണ്ണം പണയം വയ്ക്കുന്നതിനു പുറമേ ഉപഭോക്താവിന് നിശ്ചിത വരുമാനം ഉണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തത വരുത്തി ആയിരിക്കും ബാങ്കിംഗ് സ്ഥാപനങ്ങൾ ഇനി സ്വർണ്ണപ്പണയ വായ്പ നൽകാൻ സാധ്യതയുള്ളത്.