ജൊഹാനസ്ബര്‍ഗ്: ജീവിതത്തില്‍ താന്‍ ഒട്ടേറെ പരാജയങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി-20യില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലയാളി താരം.
കഴിഞ്ഞ തവണ കുറേയധികം സംസാരിച്ചെന്നും അതിന് പിന്നാലെ രണ്ട് മത്സരങ്ങളില്‍ ഡക്കിന് പുറത്തായെന്നും തമാശ കലര്‍ത്തി സഞ്ജു കൂട്ടിച്ചേര്‍ത്തു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു പിന്നീട് നടന്ന രണ്ട് മത്സരത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു.
'ജീവിതത്തില്‍ ഞാന്‍ ഒരുപാട് പരാജയങ്ങള്‍ നേരിട്ടിട്ടുണ്ട്. തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയതിന് പിന്നാലെ രണ്ട് ഡക്കുകള്‍. അപ്പോഴും ഞാന്‍ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. എന്നില്‍ത്തന്നെ അടിയുറച്ച് വിശ്വസിച്ചു. കഠിനപ്രയത്നം നടത്തി. അതിന്റെ ഫലമാണ് ഇന്ന് ലഭിച്ചത്.
ഒന്ന് രണ്ട് തവണ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ഞാന്‍ ഒരുപാട് ചിന്തിച്ചു. ഇന്ന് അഭിഷേകും തിലകും പിന്തുണ നല്കി. തിലക് ഏറെ ഭാവിയുള്ള താരമാണ്. ഞങ്ങള്‍ ഒട്ടേറെ കൂട്ടുകെട്ടുകളുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഒരു കൂട്ടുകെട്ടുണ്ടായതില് സന്തോഷം.
എന്തായാലും ഞാന്‍ കൂടുതല്‍ സംസാരിക്കുന്നില്ല. കഴിഞ്ഞ തവണ സെഞ്ചുറി നേടിയ ശേഷം ഞാന്‍ കൂടുതല്‍ സംസാരിച്ചു. പിന്നാലെ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായി. എനിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുക. അതാണ് ലക്ഷ്യം. ഇങ്ങനെയൊരു പ്രകടനമാണ് ക്യാപ്റ്റന്‍ പ്രതീക്ഷിച്ചത്. അത് പൂര്‍ത്തിയാക്കാനായതില്‍ സന്തോഷം'-സഞ്ജു വ്യക്തമാക്കി.
നാലാം ട്വന്റി-20യില്‍ 56 പന്തില്‍ 109 റണ്‍സാണ് സഞ്ജു നേടിയത്. 135 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ഇന്ത്യയുടെ 283 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്ക് 148 റണ്‍സിന് എല്ലാവരും പുറത്തായി.