ഇടുക്കി: ഇടുക്കി ചെമ്മണ്ണാറിൽ മുത്തശ്ശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കേസിൽ കുഞ്ഞിൻ്റെ അമ്മ ചെമ്മണ്ണാർ പുത്തൻപുരയ്ക്കൽ ചിഞ്ചു, ചിഞ്ചുവിൻ്റെ മാതാപിതാക്കളായ ഫിലോമിന, സലോമോൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. രാത്രിയിൽ കുഞ്ഞ് കരഞ്ഞപ്പോൾ ഭിന്നശേഷിക്കാരിയായ ചിഞ്ചു കുഞ്ഞിനെ എടുത്ത് എറിഞ്ഞതാണ് മരണ കാരണമായത്.
ഓഗസ്റ്റ് പതിനാറിനാണ് സംഭവം. പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു ചിഞ്ചു. ചിഞ്ചുവിൻ്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ചിഞ്ചുവും കുഞ്ഞും അമ്മ ഫിലോമിനയും ഒരു മുറിയിലാണ് കിടന്നിരുന്നത്. സംഭവം ദിവസം രാവിലെ ഫിലോമിനയെയും കുഞ്ഞിനെയും കാണാനില്ലെന്ന് മുത്തച്ഛനായ സലോമോനാണ് നാട്ടുകാരെ അറിയിച്ചത്.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പുരയിടത്തിൽ നിന്നും കുഞ്ഞിൻ്റെ മൃതദേഹവും അബോധാവസ്ഥയിൽ ഫിലോമിനയെയും കണ്ടെത്തിയത്. മുൻപ് മരിച്ചു പോയ അയൽവാസി വിളിച്ചതിനെ തുടർന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയതാണെന്നാണ് ഫിലോമിന പറഞ്ഞത്. ഫിലോമിനക്ക് മാനസിക ആസ്വാസ്ഥ്യമുണ്ടെന്ന് ഭർത്താവ് പറഞ്ഞതിനെ തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി.
പോസ്റ്റുമോർട്ടത്തിൽ കുഞ്ഞ് മരിച്ചത് തലക്കേറ്റ പരിക്കിനെ തുടർന്നാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് ചിഞ്ചുവിനെ ചോദ്യം ചെയ്തെങ്കിലും കാര്യമായ തൊളിവൊന്നും കിട്ടിയില്ല. സംശയം തോന്നിയ പൊലീസ് ഫിലോമിനയെ കോലഞ്ചേരിയിൽ നിന്നും ഡിസ്ചർജ് ചെയ്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കി.
ഇതിൽ ഇവർക്ക് മാനസിക അസ്വാസ്ഥ്യമില്ലെന്ന് കണ്ടെത്തി. തുടർന്ന് മൂവരെയും പല തവണ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. സംഭവം ദിവസം രാത്രികുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ കുപ്പിപ്പാൽ എടുക്കാനായി ഫിലോമിന അടുക്കളയിലേക്ക് പോയി. കരച്ചിൽ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ എടുത്ത് ചുമരിലേക്ക് എറിയുകയായിരുന്നു.
കുഞ്ഞിന് അനക്കമില്ലെന്ന് മനസ്സിലായതിനെ തുടർന്ന് മകളെ രക്ഷിക്കാൻ ജാൻസിയും ഭർത്താവും ചേർന്നാണ് ഇത്തരത്തിലൊരു കഥ മെനഞ്ഞത്. ഉടുമ്പൻചോല പൊലീസിൻ്റെ നിരന്തരമായ ചോദ്യം ചെയ്യലിനെ തുടർന്നാണ് മൂവരും കുറ്റം സമ്മതിച്ചത്. അറസ്റ്റിലായ മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.