ലഖ്‌നൗ: ഉത്തര്‍ പ്രദേശ്-ബിഹാര്‍ അതിര്‍ത്തിയില്‍ ട്രക്ക് ഡ്രൈവര്‍മാരില്‍നിന്ന് പണം തട്ടിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഉള്‍പ്പെട്ട സംഘത്തിനെതിരെ കര്‍ശന നടപടിയുമായി യു.പി. സര്‍ക്കാര്‍. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 18 പേര്‍ അറസ്റ്റിലായി. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ബാലിയ എസ്.പി. ദേവ് രഞ്ജന്‍ വര്‍മ, എ.എസ്.പി. ദുര്‍ഗാപ്രസാദ് തിവാരി എന്നിവരെ സ്ഥലംമാറ്റി. സദറിലെ ഡെപ്യൂട്ടി എസ്.പി ശുഭ് സൂചിതിനെ സസ്‌പെന്‍ഡ് ചെയ്തു.
വാരാണസി ഡി.ഐ.ജിയും അസംഗഢ് ഡി.ഐ.ജിയും സംയുക്തമായി നടത്തിയ പരിശോധനയാണ് അറസ്റ്റിലേക്കും പിടിച്ചുപറിക്കല്‍സംഘത്തിനെ വലയിലാക്കുന്നതിലേക്കും നയിച്ചത്. ബാലിയയിലെ നര്‍ഹി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഭരൗളി തിരാഹയിലാണ് പോലീസ് സംഘം പരിശോധനകള്‍ നടത്തിയത്. തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൂടി ഭാഗമായ സുസംഘടിത പണംപിരിക്കല്‍ സംഘത്തെ കണ്ടെത്തിയത്.
അറസ്റ്റിലായ 18 പേരില്‍ 16 പേര്‍ ഇടനിലക്കാരും രണ്ടു പേര്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരുമാണ്. ബിഹാറിലെ ബക്‌സറില്‍നിന്ന് വരുന്ന ട്രക്കുകളുടെ ഡ്രൈവര്‍മാരില്‍നിന്നായിരുന്നു ഇവര്‍ പണം വാങ്ങിയിരുന്നത്. ഓരോ ട്രക്കില്‍നിന്നും 500 രൂപ വീതം എന്നതായിരുന്നു കണക്ക്. ഇത്തരത്തില്‍ പ്രതിദിനം അഞ്ചുലക്ഷം രൂപയായിരുന്നു സംഘം സമ്പാദിച്ചിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നരാഹി പോലീസ് സ്‌റ്റേഷനിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. അറസ്റ്റിലായ ഇടനിലക്കാര്‍ വാഹനങ്ങളുടെ എണ്ണമെടുക്കുകയും പണം നര്‍ഹി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയ്ക്ക് കൈമാറുകയുമായിരുന്നു. ഒരു നോട്ട് പുസ്തകത്തില്‍ സകല വിവരങ്ങളും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എസ്.എച്ച്.ഒയുടെ വീട് സീല്‍ ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
സദര്‍ ഡെപ്യൂട്ടി എസ്.പി., നര്‍ഹി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ., പോലീസ് ഔട്ട് പോസ്റ്റ് ഇന്‍ ചാര്‍ജ് എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. യു.പി.-ബിഹാര്‍ അതിര്‍ത്തിയില്‍ പോലീസുകര്‍ ഉള്‍പ്പെട്ട സംഘത്തിന്റെ പണംപിരിക്കല്‍ നടക്കുന്നതായി പരക്കേ പരാതി ഉയര്‍ന്നിരുന്നു.