കൊച്ചി:കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ സോളാർ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്ന സിനിമ-സീരിയല്‍ താരമായിരുന്നു ശാലു മേനോന്‍. 49 ദിവസത്തോളമാണ് ശാലു മേനോന്‍ ജയിലില്‍ കിടന്നത്. ഇപ്പോഴിതാ ആ ദിവസത്തെക്കുറിച്ച് വീണ്ടും ഓർക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാലുമേനോന്‍.
നടിയെന്ന പരിഗണനയൊന്നും ജയിലില്‍ ലഭിച്ചിരുന്നില്ല. മറ്റുള്ള തടവുകാരെപ്പോലെ തന്നെ തറയില്‍ പായ വിരിച്ചാണ് കിടന്നത്. ആ വിഷമ ഘട്ടത്തില്‍ എനിക്കൊപ്പം നിന്നത് അമ്മയും അമ്മൂമയും തന്റെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും മാത്രമായിരുന്നു. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളതെന്നും ശാലു മേനോന്‍ പറയുന്നു.
പേരുദോഷവും വന്നു. എന്നാല്‍ തെറ്റുകാരിയല്ല എന്നതിനാല്‍ തന്നെ ഞാന്‍ വിഷമിച്ചിരിക്കേണ്ട ആവശ്യമില്ലാലോ. സത്യസന്ധമായി പോകുകയാണെങ്കിൽ ഒരിക്കലും ഒരു കലാകാരിയെ തോൽപ്പിക്കാൻ പറ്റില്ല. ഞാൻ തെറ്റുചെയ്യാത്ത ഒരാളാണ്. നല്ലൊരു തൊഴില്‍ എന്റെ കയ്യിലുണ്ട്, നൃത്താധ്യാപികയാണ്. കുട്ടികളെ പഠിപ്പിക്കാനുള്ള കഴിവുണ്ട്. ആ മേഖലയില്‍ മുന്നോട്ട് പോകാമെന്ന് വലിയ ആഗ്രഹും എനിക്കുണ്ടായെന്നും ശാലു പറയുന്നു.
ജയിലില്‍ വെച്ചും പല തരത്തിലുള്ള ആളുകളെ കാണാന്‍ കഴിഞ്ഞു. അവരോട് സംസാരിക്കുകയും അവരുടെ വിഷമങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. എന്റെ കൂടെ പ്രായമായ ഒരു അമ്മ മാത്രമാണ് താമസിച്ചിരുന്നത്. നാല് വർഷമായി അവർ ജയിലില്‍ കിടക്കുന്നു. അവരെ മകന്‍ പോലും വന്ന് കൊണ്ടുപോകുന്നില്ല. ഞാൻ ജയിലിൽ നിന്നിറങ്ങിയിട്ടും ആ അമ്മ മകനെ തന്നെ പ്രതീക്ഷിച്ച് അവിടെ തുടരുകയാണ്.
ആ കേസുമായി ബന്ധപ്പെട്ട് പഠിച്ച ഒരു പാഠം എന്നത് ആരേയും അധികം വിശ്വസിക്കരുതെന്നാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ദൈവം നമ്മുടെ കൂടെ നില്‍ക്കും. ആ ധൈര്യത്തില്‍ മുന്നോട്ട് പോകുക. ഒറ്റപ്പെടുത്തിയവർ പിന്നീട് കൂടെ വന്നു. എന്നാല്‍ ജയിലില്‍ പോകുന്ന സമയത്ത് കുടുംബക്കാരും എനിക്കൊപ്പം നിന്നില്ല. അറസ്റ്റ് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ചെറിയൊരു റൂമർ കേട്ടാണ് മാധ്യമപ്രവർത്തകർ വീട്ടിലേക്ക് വന്നത്. അവർക്ക് ഞാന്‍ ചായ കൊടുക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാര്‍ വരെ മാറി നിന്നു. അവരെയും അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് തിരിച്ചുപോയത്. കുടുംബക്കാർ അന്ന് അങ്ങനെ ചെയ്തതില്‍ എനിക്കൊരു പരിഭവവുമില്ല. ഞാന്‍ അനുഭവിക്കേണ്ടത് ഞാന്‍ അനുഭവിച്ചു. ഇതൊക്കെ വേണമെങ്കില്‍ എനിക്കൊരു പുസ്തകമാക്കി മാറ്റാം.
എന്റെ മോർഫിങ് വീഡിയോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. വിഡിയോ എന്റേത് അല്ലാലോ, അതുകൊണ്ട് തന്നെ ഞാനത് വിട്ടു. 2009-ലാണ് ആ മോർഫിങ് വിഡിയോ പുറത്തുവരുന്നത്. അന്ന് അത് മോർഫിങ് ആണെന്ന് പലരും വിശ്വസിച്ചില്ല. ഇന്നാണെങ്കില്‍ അത് പലർക്കും മനസ്സിലാകുമായിരുന്നുവെന്നും ശാലു മേനോന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.