ഇറ്റാനഗർ: മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അരുണാചൽ പ്രദേശിൽ വൻ നാശനഷ്ടം. ഷിയോമിയാ ജില്ലയിലെ മേച്ചുക്ക മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രളയത്തിൽ രണ്ട് വൈദ്യുത നിലയങ്ങൾ പൂർണ്ണമായും തകരാറിലായതോടെ പ്രദേശത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടു. വൻകൃഷിനാശമുണ്ടാവുകയും ഒട്ടേറെ വീടുകൾ ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്. പ്രളയത്തിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ആഴ്ചകളിൽ അരുണാചൽ പ്രദേശിൽ കനത്ത മഴ പെയ്തിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി സ്ഥിതി മെച്ചപ്പെട്ടിരുന്നു. ഞായറാഴ്ച മഴ പ്രവചനവുമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് രാവിലെ പത്തരയോടെ കനത്ത മഴ പെയ്തത്. ദേശീയ പാത-415 ൻ്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യങ്ങളുണ്ടായി. നിരവധി വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങി.
നദികളും ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളും ഒഴിവാക്കാൻ ജില്ലാ ഭരണകൂടം നിവാസികൾക്ക് മുന്നറിയിപ്പ് നൽകുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തു. ദുരിതബാധിതരെ സഹായിക്കുന്നതിനായി, ജില്ലാ ഭരണകൂടം ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിച്ചു.