പാലക്കാട് ; സേലം-കൊച്ചി ദേശീയപാതയില്‍ മലയാളികളെ ആക്രമിച്ച സംഭവത്തില്‍ 3 പേര്‍ കൂടി പിടിയില്‍. ജിനു, നന്ദു, ജിജീഷ് എന്നിവരെയാണു കസബ പൊലീസ് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവര്‍ എട്ടായി. ജയിലില്‍ രൂപീകരിച്ച പുതിയ സംഘമാണ് ആക്രമണം നടത്തിയത്.
എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖ്, ചാള്‍സ് റെജി എന്നിവരും സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിനിരയായത്. മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ ആന്‍ഡ് ടി ബൈപാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവില്‍നിന്നു കമ്പനിയിലേക്കു കമ്പ്യൂട്ടറുകള്‍ വാങ്ങിയ ശേഷം മടങ്ങിവരുമ്പോഴാണ് സംഭവം.
വിവിധ കേസുകളില്‍ പിടിയിലായവര്‍ പുറത്തിറങ്ങിയ ശേഷം കൊള്ള നടത്തുകയായിരുന്നു. ദേശീയപാത കേന്ദ്രീകരിച്ച് കുഴല്‍പ്പണം, സ്വര്‍ണം എന്നിവയുമായി വരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണ പദ്ധതികള്‍. ഇത്തരത്തില്‍ ഒരു വാഹനത്തെ ലക്ഷ്യമിട്ടാണ് ഇവര്‍ ആക്രമിച്ചതെങ്കിലും വാഹനം മാറിപ്പോകുകയായിരുന്നു.
3 വാഹനങ്ങളിലെത്തിയ അക്രമിസംഘം വ്യാജ നമ്പര്‍ പ്ലേറ്റുകളാണ് ഉപയോഗിച്ചിരുന്നത്. കവര്‍ച്ചാ കേസുകളില്‍ സ്ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണു മുഖ്യപ്രതി . ആക്രമണത്തിനുശേഷം, പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറുകള്‍ മലമ്പുഴ ഡാം പരിസരത്താണ് ഒളിപ്പിച്ചിരുന്നത്. ഇവിടെനിന്ന് കാറുകള്‍ മാറ്റുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചതോടെയാണു പ്രതികള്‍ പിടിയിലായത്.