തൃശൂര്‍:നല്ല മനുഷ്യന്മാരെ കേരളത്തിലെ ജനങ്ങൾ സ്വീകരിക്കുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിന് അപ്പുറം ബന്ധങ്ങളുണ്ട്. വളരെ അധികം നന്മയുള്ളവരാണ് തൃശൂരുകാർ. അതുകൊണ്ടുതന്നെയാണ് സുരേഷ് ഗോപിക്ക് ഇവിടെ ജയിക്കാൻ പറ്റിയതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
ബിജെപിക്ക് വോട്ട് ഷെയർ കൂടി. ഇനിയും താമരകൾ വിരിയും. ചെളിയിൽ വിരിഞ്ഞു എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നുണ്ട്. പക്ഷേ, ആ ചെളിപോലും താമരയുടെ സൗന്ദര്യം കണ്ട് നോക്കുന്നു. താമരകൾ വിരിയട്ടെയെന്നും പത്മജ പറഞ്ഞു. ഇവിടെ ജാതി ഏറ്റവും കൂടുതൽ പറയുന്നത് കോൺഗ്രസ് ആണ്. കൂടെക്കിടന്നവന് രാപ്പനി അറിയാം.
അത് മാറ്റിയില്ലെങ്കിൽ ഈ പ്രസ്ഥാനം അധികം നാൾ ഓടില്ല. താൻ എല്ലാ കോൺഗ്രസുകാരെയും കുറ്റം പറയില്ല. കോൺഗ്രസിൽ നല്ല ആളുകളുണ്ട്. പക്ഷേ അവരുടെ കൈയിൽ അധികാരമില്ല. അധികാരം ഒരു കോക്കസിൻ്റെ കൈയിലാണ്. ചില പോസ്റ്ററുകൾ കണ്ടു. അതോടെ ഇവിടെ നല്ല വിവരമുള്ള കോൺഗ്രസുകാരുണ്ടെന്ന് മനസ്സിലായെന്നും പത്മജ പറഞ്ഞു.
രാഷ്ട്രീയമായി രണ്ടു തട്ടിലാണെങ്കിലും ഈ നിമിഷം വരെ കെ മുരളീധരനെ താൻ കുറ്റം പറഞ്ഞിട്ടില്ല. എന്നെ എന്തൊക്കെ പറഞ്ഞു. എനിക്കെൻ്റെ ചേട്ടൻ്റെ സ്വഭാവം അറിയാം. ദേഷ്യം വന്നാൽ അച്ഛനെയായാലും അമ്മയെയാലും പറഞ്ഞുവെന്ന് വരും. അത് കഴിഞ്ഞാൽ ആള് താഴത്തേക്ക് പോകും.
പറഞ്ഞോട്ടെ, താൻ അനിയത്തി അല്ലേ. സ്വന്തം നാട്ടിൽനിന്ന് തോൽപ്പിച്ചപ്പോൾ വേദനയുണ്ടാകും. തോൽപ്പിക്കുകയാണെങ്കിൽ മാന്യമായി തോൽപ്പിക്കണ്ടേ. ഇത് എന്തൊരു തോൽപ്പീരായിപ്പോയി. തൃശൂരിൽ അദ്ദേഹത്തെ ആരാണ് കുഴിയിൽകൊണ്ട് ചാടിച്ചതെന്ന് അദ്ദേഹമാണ് പറയേണ്ടതെന്നും പത്മജ പറഞ്ഞു.
തൃശൂരിലെ ബിജെപിയുടെ വിജയത്തിനു പിന്നാലെ എല്ലാ മാധ്യമങ്ങളും തൻ്റെ പ്രതികരണം തേടി. പക്ഷേ, മുരളീമന്ദിരത്തിൽവെച്ച് മാധ്യമങ്ങളോട് പ്രതികരിക്കണമെന്ന് തനിക്ക് തോന്നി. ഈ വീട്ടിൽനിന്ന് നെഞ്ചുപൊട്ടിയാണ് താൻ കോൺഗ്രസ് വിട്ടത്. പൊട്ടിക്കരഞ്ഞത് സങ്കടവും അപമാനവും ചവിട്ടിക്കുത്തലുകളൊക്കെ കൊണ്ടാണ്. കരഞ്ഞുകൊണ്ടാണ് തൻ്റെ അച്ഛൻ്റെയും അമ്മയുടെയും അടുത്തുനിന്ന് പോയത്. അതുകൊണ്ട് ഇവിടെനിന്ന് കാര്യങ്ങളെല്ലാം പറയണമെന്ന തോന്നൽ തനിക്കുണ്ടായെന്നും അവ പറഞ്ഞു.
കെ മുരളീധരന് താൻ മുന്നറിയിപ്പ് നൽകിയതാണ്. കോൺഗ്രസ് വിടുന്നതിന് രണ്ട് ദിവസം മുൻപ് അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ബിജെപി പ്രവേശനം തൻ്റെ ഉറച്ച തീരുമാനമായിരുന്നു. തൻ്റെ സങ്കടങ്ങൾ കോൺഗ്രസ് നേതാക്കളോട് പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്. അതൊന്നും ആരും ചെവിക്കൊണ്ടില്ല. ഈ പാർട്ടിയിൽ തുടരുന്നതുകൊണ്ട് കാര്യമില്ലെന്ന് തനിക്ക് തോന്നി. ബിജെപിയെക്കുറിച്ചു കേട്ടതല്ല വന്നപ്പോൾ അനുഭവിച്ചത്.
കോൺഗ്രസ് ഒരു പ്രത്യേക വിഭാഗം സമൂഹത്തെ പേടിപ്പിച്ച് വെറുപ്പിൻ്റെ രാഷ്ട്രീയം കളിക്കുകയാണ്. ബിജെപി വന്നാൽ ഈ നാട്ടിൽ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞു പേടിപ്പിക്കുകയാണ്. ബിജെപി എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന പാർട്ടിയാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.