ന്യൂഡല്‍ഹി: 2024-ലെ തിരഞ്ഞെടുപ്പിൽ തൂക്കുസഭ വരുന്ന സാഹചര്യമുണ്ടായാല്‍ കുതിരക്കച്ചവടം തടഞ്ഞ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഏറ്റവും വലിയ സഖ്യത്തെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് ഏഴ് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ തുറന്ന കത്ത്.
നിലവിലെ ഭരണക്ഷിക്കെതിരായി ജനവിധിയാണുണ്ടാകുന്നതെങ്കില്‍ സുഗമമായ അധികാര കൈമാറ്റത്തിലൂടെ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനോടും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോടും വിരമിച്ച ജഡ്ജിമാര്‍ അഭ്യര്‍ത്ഥിച്ചു.
മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജിമാരായ ജി.എം അക്ബര്‍ അലി, അരുണ ജഗദീശന്‍, ഡി. ഹരിപരന്താമന്‍, പി. ആര്‍ ശിവകുമാര്‍, സി ടി സെല്‍വം, എസ് വിമല എന്നിവരും പട്ന ഹൈക്കോടതി മുന്‍ ജഡ്ജി അഞ്ജന പ്രകാശുമാണ് തിങ്കളാഴ്ച അയച്ച തുറന്ന കത്തില്‍ ഒപ്പിട്ടത്.
നിലവിലെ ഭരണസംവിധാനത്തിന് ഭരണം തുടരാൻ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ അധികാര കൈമാറ്റം സുഗമമായിരിക്കില്ലെന്നും ഭരണഘടനാ പ്രതിസന്ധി ഉണ്ടാകാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തൂക്ക് സഭ നിലവില്‍വരുന്ന സാഹചര്യത്തില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങളായിരിക്കും ഇന്ത്യന്‍ രാഷ്ട്രപതിയുടെ പക്കല്‍ വരികയെന്ന വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സഘടനയായ കോണ്‍സ്റ്റിറ്റൂഷണല്‍ കണ്ടക്റ്റ് ഗ്രൂപ്പ് (സി.സി.ജി) മെയ് 25-ന് പുറത്തിറക്കിയ പ്രസ്താവനയോട് തങ്ങൾ യോജിക്കുന്നുവെന്നും മുന്‍ ജഡ്ജിമാര്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് ഏതൊരു രാഷ്ടിയ പാര്‍ട്ടിയുമായും ബന്ധമില്ല. എന്നാല്‍, ഭരണഘടനയില്‍ പറയുന്ന ആദര്‍ശങ്ങളോടും തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ മൂല്യങ്ങളോടും ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉണ്ടായിരുന്നതും ഇപ്പോഴും തുടരുന്നതുമായ സംഭവവികാസങ്ങളിലുള്ള അഗാധമായ വേദനയിൽ നിന്നാണ് തുറന്ന കത്ത് എഴുതുന്നതെന്നും കത്തിൽ പറയുന്നു.
എല്ലാ മണ്ഡലങ്ങളിലെയും ഓരോ ബൂത്തിലും രേഖപ്പെടുത്തിയ വോട്ടുകളുടെ കൃത്യമായ എണ്ണം വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചതും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാത്തതും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാത്തതുമുള്‍പ്പടെയുള്ള കാര്യങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നും കത്തിൽ പറയുന്നു.